ആരാധകന് ട്രക്ക് സമ്മാനമായി നൽകി ഹോളിവുഡ് താരം; സന്തോഷത്താൽ കണ്ണ് നിറഞ്ഞ് യുവാവ്
ഇഷ്ട്ട താരങ്ങളെ ഒരു നോക്ക് കാണണം, കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആരാധകരും. എന്നാൽ നമുക്ക് ഏറ്റവും ഇഷ്ടപെട്ട താരത്തിൽ നിന്ന് സമ്മാനം ലഭിക്കുന്നതിനെ പറ്റി ചിന്തിച്ചു നോക്കു… തന്റെ ആരാധകന് സ്വന്തം ട്രക്ക് സമ്മാനമായി നൽകിയിരിക്കുകയാണ് ഹോളീവുഡ് സൂപ്പർ താരം ഡ്വൈൻ ജോൺസൺ. റോക്ക് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റർ ട്രക്കാണ് റോക്ക് ആരാധകന് നൽകിയത്.
റോക്കിന്റെ ഏറ്റവും പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദർശനത്തിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടുള്ള ഈ സംഭവം. ആരാധകർക്കായി സംഘടിപ്പിച്ച പ്രദർശനത്തിൽ തെരെഞ്ഞെടുത്ത ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതിൽ നിന്ന് തെരഞ്ഞെടുത്ത അർഹനായ ഒരാൾക്കാണ് ഈ ട്രക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
ഓസ്കാർ റോഡ്രിഗസ് എന്നയാൾക്കാണ് ട്രെക്ക് ലഭിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവ പ്രവർത്തകനാണ് ഓസ്കാർ. ഓസ്കാറിന് ഈ ട്രക്ക് സമ്മാനിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് റോക്ക് പ്രതികരിച്ചു. റെഡ് നോട്ടീസ് എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്ന പോർഷെ ടൈകാൻ നൽകാമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ പോർഷെ ഈ തീരുമാനത്തോട് വിസമ്മതിച്ചതോടെയാണ് തന്റെ വാഹനം നൽകാൻ റോക്ക് തീരുമാനിച്ചത്. അപ്രതീക്ഷിതമായി വാഹനം ലഭിച്ചതിന്റെ സന്തോഷത്തിൽ കരയുന്ന ആരാധകന്റെ വീഡിയോയും റോക്ക് പങ്കുവെച്ചിട്ടുണ്ട്.