സീരിയൽ ചിത്രീകരണത്തിനിടെ നടിമാർ തമ്മിൽ കയ്യാങ്കളി;സംഭവിച്ചതെന്ത്? വിശദീകരണവുമായി രഞ്ജിനിയും സജിതാബേട്ടിയും
തിരുവനന്തപുരം:സീരിയൽ ചിത്രീകരണത്തിനിടെ നടിമാർ തമ്മിൽ കയ്യാങ്കളി നടന്നുവെന്ന വാർത്തയ്ക്കു പിന്നിലെ സത്യം വെളിപ്പെടുത്തി സിനിമാ സീരിയൽ താരം സജിതാ ബേട്ടി. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അവ വ്യാജവാർത്തകളാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നും വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് സജിതാ ബേട്ടി.
സീരിയൽ സെറ്റിൽ നിന്നുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് സജിതാ ബേട്ടി കാര്യങ്ങൾക്ക് വ്യക്തത വരുത്തിയത്. രഞ്ജിനിയും സജിതയ്ക്കൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. “ആരുടെയാണ് തല പൊട്ടിയത്? എന്റെയാണോ ബേട്ടിയുടെയാണോ?” എന്നു ചോദിച്ചുകൊണ്ടാണ് രഞ്ജിനി പ്രേക്ഷകരോടു സംസാരിച്ചു തുടങ്ങിയത്.
“രണ്ടു പേരുടെയും തല നന്നായി ഇരിക്കുന്നു. എന്തൊക്കെ വാർത്തകളാണ് പുറത്തു വരുന്നതെന്ന് മനസിലാകുന്നില്ല. ആരുടെയും തല പൊട്ടിയിട്ടില്ല. ഷൂട്ടിങ് നല്ല രീതിയിൽ പോകുന്നുണ്ട്. എല്ലാവരും ഹാപ്പിയാണ്. ഇങ്ങനെ ഒരു സംഭവം വൈറലായി പോയെന്ന് ഇന്നലെയാണ് അറിഞ്ഞത്. ഇന്നലെ വന്ന വാർത്ത വ്യാജമാണ്. വെറും അപവാദമാണ്,” രഞ്ജിനി വ്യക്തമാക്കി.
ഇത്തരമൊരു വാർത്ത പ്രചരിച്ചതിനു പിന്നാലെ സീരിയലിന്റെ റേറ്റിങ് കൂടിയെന്നും അതിൽ സന്തോഷമുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. അതേസമയം, ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് സൈബർ കുറ്റകൃത്യമാണെന്നും താനൊരു അഭിഭാഷകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും രഞ്ജിനി പറഞ്ഞു. ചന്ദ്രകാന്തം എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നാണ് താരങ്ങൾ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സജിതാ ബേട്ടിയുടെ യുട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ ഇക്കാര്യം തുറന്നു പറഞ്ഞത്.
ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച് പ്രമുഖ സിനിമാ സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിച്ചെന്നായിരുന്നു പ്രചരിച്ച വ്യാജവാർത്ത. ഷൂട്ടിങ് നിറുത്തി വച്ചെന്നും അതുമൂലം നിർമാതാവ് പ്രതിസന്ധിയിലാണെന്നും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വാർത്തകൾ പ്രചരിച്ചു. അതിനെത്തുടർന്നാണ് താരങ്ങൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വിഡിയോ പങ്കുവച്ചത്.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ചിത്ര’ത്തിലെ നായികയാണ് രഞ്ജിനി. സീരിയലിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ് താരം. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് സജിത ബേട്ടി.