ദുല്‍ഖറിന്റെ സല്യൂട്ടിന്റെ പോസ്റ്റര്‍ പങ്കുവെച്ചു മമ്മൂട്ടി; വീണ്ടും മമ്മൂക്കയുടെ ഫോണ്‍ അടിച്ചു മാറ്റിയോ എന്ന് ആരാധകര്‍
റോഷന്‍ ആന്‍ഡ്യൂസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സല്യൂട്ടിന്റെ റിലീസ് തീയതി പുറത്തുവിട്ട് മമ്മൂട്ടി. ചിത്രം 2022 ജനുവരി 14 ന് തിയേറ്ററുകളിലെത്തും. സാധാരണ ദുല്‍ഖറിന്റെ ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി പോസ്റ്റുകള്‍ ഒന്നും പങ്കുവെയ്ക്കാറില്ല. എന്നാല്‍ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
ഇതുപോലെ മമ്മൂട്ടിയുടെ പേജിലൂടെ കുറുപ്പിന്റെ ട്രെയിലര്‍ പങ്കുവെച്ചിരുന്നു. അതു ദുല്‍ഖര്‍ തന്നെ മമ്മൂട്ടിയുടെ ഫോണ്‍ എടുത്തു പോസ്റ്റു ചെയ്തതാണെന്നുളള ട്രോളുകള്‍ ഇറങ്ങിയിരുന്നു. പിന്നീട് പ്രീ റിലിസിന്റെ സമയത്ത് ദുല്‍ഖര്‍ തന്നെ യഥാര്‍ഥത്തില്‍ സംഭവിച്ചതു വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സല്യൂട്ടിന്റെ പോസ്റ്ററും മമ്മൂട്ടിയുടെ ഫേസ്ബുക്കിലൂടെ പുറത്തു വന്നപ്പോള്‍ അതും ദുല്‍ഖര്‍ ഫോണ്‍ അടിച്ചു മാറ്റി തന്നെ പങ്കുവെച്ചതാണെന്നുളള കമന്റുകളാണ് വരുന്നത്.
വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ റോഷന്‍ ആന്‍ഡ്യൂസ് കൂട്ടുക്കെട്ടില്‍ പിറക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സഞ്ജയ് ബോബിയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ്. മറ്റു പ്രധാന വേഷങ്ങളില്‍ മനോജ് കെ.ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷമി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ്.