ആ ശബ്ദം ജയറാമിന്റേതല്ല, ആർക്കും കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റ് പ്രവീൺ
കൊച്ചി:അന്യഭാഷാ ചിത്രങ്ങളും അവയുടെ മൊഴിമാറ്റം ചെയ്യപ്പെട്ട വേർഷനും ഇന്ന് എല്ലാവരും കണ്ട് ആസ്വദിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുന്നേ അതെല്ലാം ലോ ക്വാളിറ്റി രീതിയിലായിരുന്നു എടുത്തിരുന്നത്. എന്നാൽ ഇന്ന് വലിയ മാറ്റങ്ങളുണ്ടായി. അത്തരത്തിൽ അവസാനം പുറത്തിറങ്ങിയ അന്യഭാഷ ചിത്രമാണ് കൽകി 2898എ ഡി. സിനിമയുടെ മലയാളം വേർഷനിൽ കമൽഹാസന് ശബ്ദം നൽകിയത് പ്രവീൺ എന്ന കലാകാരനാണ്. ജാങ്കോ സ്പെയിസിൽ പ്രവീൺ സംസാരിക്കുന്നു.
“ആ സിനിമ കാണുമ്പോൾ നിങ്ങൾക്ക് ശരിക്കും നല്ല രസമുണ്ടാവും. പക്ഷേ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ സംബന്ധിച്ച് നല്ല റിസ്കാണ്. നിങ്ങൾ ഈ കാണുന്ന പൂർണതയോടെയല്ല ഡബ്ബിംഗിന് വരുമ്പോൾ ഞങ്ങളുടെ മുന്നിലെത്തുന്നത്. ചിലത് അപൂർണമായ ഫയലുകളാവും. അതിൽ നോക്കിയാണ് ഡബ്ബ് ചെയ്യേണ്ടത്. തിയേറ്ററിൽ എത്തിയാലാണ് ഇതിന്റെ പെർഫെക്ഷൻ എന്താണെന്ന് നമ്മൾ അറിയുന്നത്.” പ്രവീൺ പറഞ്ഞു.
കൽകിയിലെ കമൽഹാസന്റെ സ്പെയ്സ് മറ്റു കഥാപാത്രങ്ങളെ വെച്ച് നോക്കുമ്പോൾ വളരെ കുറവാണ്. പക്ഷേ ആ കുറഞ്ഞ സമയത്തിനുള്ളിൽ അപ്രതീക്ഷിത പവറാണ് ചിത്രത്തിന് ലഭിച്ചത്. ആ പവർ ചോർന്നു പോവാതെയാണ് മലയാളത്തിലെ ഡബ്ബിംഗ് എന്ന് വേണം പറയാൻ. “സിനിമയുടെ വിഷ്വൽ മാജിക് മുഴുവൻ ആസ്വദിച്ചല്ല ഓരോ ഡബ്ബിംഗും ചെയ്യുന്നത്. അതിനാൽ എത്രത്തോളം ആ കഥാപാത്രത്തെ മികച്ചതാക്കാൻ സാധിച്ചെന്ന് എനിക്കറിയില്ല.” പ്രവീൺ കൂട്ടിച്ചേർത്തു.
അങ്ങ് വൈകുണ്ഡപുരം എന്ന ചിത്രത്തിന്റെ മലയാളം വേർഷനിൽ ജയറാമിന് പ്രവീണാണ് ശബ്ദം നൽകിയത്. അതിനു മുന്നേയും ജയറാമിന് വേണ്ടി ശബ്ദം കൊടുത്തിട്ടുണ്ട്. “ചാലക്കുടിയിലെ ഒരു തുണിക്കടയുടെ പരസ്യത്തിൽ ജയറാമിന് ഡബ്ബ് ചെയ്യാൻ ഭാഗ്യം ലഭിച്ചു. അന്ന് ചില പ്രത്യേക കാരണം കൊണ്ട് അദ്ദേഹത്തിന് വരാൻ സാധിക്കാത്തതിനാലാണ് ആ അവസരം ലഭിച്ചത്. സത്യത്തിൽ അത് ആർക്കും കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. പിന്നീട് ഞാൻ തന്നെ എല്ലാവരെയും അറിയിച്ചു.” പ്രവീൺ പറഞ്ഞു.
പ്രവീണിന്റെ ശബ്ദം നിരവധി പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതമാണ്. ഐപിഎൽ പരസ്യങ്ങൾക്കു വേണ്ടി പല താരങ്ങൾക്കും പ്രവീണിന്റെ ശബദമാണ് നൽകിയത്. ദശാവതാരത്തിലെ 10 വേഷങ്ങളിൽ ഏകദേശം 7 വേഷങ്ങൾക്കും ശബ്ദം കൊടുത്തതും പ്രവീൺ തന്നെ.
ഒരു തമിഴ് ചിത്രം മലയാളത്തിൽ ഇത്രയും ആവേശത്തിൽ കണ്ടിട്ടുണ്ടെങ്കിൽ അതൊരു പക്ഷേ ദശാവതാരം മാത്രമായിരിക്കും. അദ്ദേഹത്തിന്റെ ഒരു ശ്വാസത്തിൽ പോലും ഒരർത്ഥമുണ്ടാവും എന്നാണ് കമൽഹാസന് വേണ്ടി ഡബ്ബ് ചെയ്തപ്പോൾ പ്രവീൺ പറഞ്ഞത്. അത്രയും ശ്രദ്ധയോടെ ശബ്ദം കൊടുക്കേണ്ടി വന്നതും അദ്ദേഹത്തിനാണെന്ന് പറഞ്ഞിട്ടുണ്ട്.
“ഒരിക്കലും ഒരു എഴുത്തുകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റും ഒരു സിനിമ മോശമാവാൻ വേണ്ടിയിട്ടല്ല തർജ്ജമ ചെയ്യുന്നത്. പലപ്പോഴും നമ്മുടെ പരിമിതി അങ്ങനെയാണ്. ചില വാക്കുകളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ലിപ് സിങ്ക് നഷ്ടമാവാതെ വേണം അത് ഡബ്ബ് ചെയ്യാൻ. അപ്പോൾ നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കാത്ത വാക്കുകൾ ആ സന്ദർഭത്തിൽ ചേരുമെങ്കിൽ അതവിടെ യൂസ് ചെയ്യും.” മൊഴിമാറ്റ ചിത്രങ്ങളിലെ പരിമിതികളെ കുറിച്ചും പ്രവീൺ സംസാരിച്ചു. കൽകി 2898എ ഡി തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോട് പ്രദർശനം തുടരുന്നു.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷമാണ് മൊഴിമാറ്റ ചിത്രങ്ങൾക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിക്കുന്നത്. അത് വരെ അത്തരം റിലീസുകൾ ഉണ്ടായെങ്കിലും ജനങ്ങൾ അത്തരം സിനിമകളിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നില്ല. മൊഴിമാറ്റത്തിലൂടെ ശബ്ദം നൽകിയ കലാകാരൻമാരുടെ അധ്വാനം തന്നെയാണ് ഇത്തരം സിനിമകളുടെ വിജയം. ഇപ്പോൾ മലയാളത്തിലും പാൻ ഇന്ത്യൻ ചിത്രങ്ങൾ റിലീസ് ചെയ്യുകയും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നുമുണ്ട്. ബാഹുബലിയിലെ കട്ടപ്പയുടെ ശബ്ദവും പ്രവീണിന്റേതായിരുന്നു.