KeralaNews

കുട്ടി മരിച്ചെന്ന് പറഞ്ഞ് പറമ്പില്‍ കുഴിയെടുത്തു, രാത്രി കറങ്ങി നടന്നു; മദ്യം കിട്ടാതായപ്പോള്‍ വിഭ്രാന്തിയിലായ യുവാവ് കാട്ടിക്കൂട്ടിയത്

കോഴിക്കോട്: മദ്യം ലഭിക്കാതായതോടെ വിഭ്രാന്തിയിലായ യുവാവ് രാത്രി കറങ്ങിനടക്കുകയും കുട്ടി മരിച്ചെന്നു പറഞ്ഞ് പറമ്പില്‍ കുഴിയെടുക്കുകയും ചെയ്തു. മാങ്കാവ് സ്വദേശിയായ യുവാവാണ് അര്‍ധരാത്രി കറങ്ങിനടന്നതും മാനസിക വിഭ്രാന്തി കാണിച്ചതും. തുടര്‍ന്ന് കസബ പോലീസെത്തിയാണ് ഇയാളെ വീട്ടിലെത്തിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചത്. ഇതിനുശേഷം മദ്യം ലഭിക്കാതായി.

രാത്രി മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് വീട്ടില്‍നിന്ന് ഇറങ്ങി നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാവിലെ മാങ്കാവ് കല്‍പക തിയറ്ററിനടുത്തുള്ള വീട്ടില്‍ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്പില്‍ കുഴിയെടുക്കാന്‍ തുടങ്ങുകയായിരുന്നു.

ആശങ്കയിലായ പ്രദേശവാസികള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് കസബ പോലീസ് സ്ഥലത്തെത്തി. മദ്യം ലഭിക്കാത്തതിനാലുള്ള മാനസികവിഭ്രാന്തിയാണെന്നു പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് മരുന്നുകള്‍ ലഭ്യമാക്കിയശേഷം കസബ എഎസ്ഐ കെ.രാജ്കുമാറും സിപിഒ പി.സജീവനും ചേര്‍ന്ന് യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തൃശൂരില്‍ മദ്യം ലഭിക്കാത്തതിനെതുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴയില്‍ മദ്യം ലഭിക്കാതെ വിഭ്രാന്തിയിലായയാള്‍ കടത്തിണ്ണയില്‍ മരിക്കുകയും ചെയ്തു. മദ്യലഭ്യത നിലച്ചതിനാല്‍ പിന്‍മാറ്റ ലക്ഷണങ്ങളുള്ളവരുടെ എണ്ണം വരുംദിവസങ്ങളില്‍ വര്‍ധിക്കാനാണു സാധ്യതയെന്ന് വിമുക്തി അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button