മദ്യപിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര; മൂവര്‍ സംഘത്തിന് 28,000 രൂപ പിഴ ഈടാക്കി ട്രാഫിക് പോലീസ്
ഹരിയാന: മദ്യപിച്ച് ഒരു സ്‌കൂട്ടറില്‍ ഒന്നിച്ച് യാത്ര ചെയ്ത മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ സോനിപത്തിലെ ഗൊഹാന പട്ടണത്തില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂട്ടര്‍ ഓടിച്ചു വരികയായിരുന്ന ചെറുപ്പക്കാര്‍ക്ക് നേരെ പോലീസ് കൈ കാണിക്കുകയും അവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് വാഹനം നിര്‍ത്തുന്നതിന് പകരം അവര്‍ ആ നിയമപാലകരെ അധിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ ആ മൂവര്‍ സംഘത്തില്‍ ഒരാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. മറ്റു രണ്ടുപേരും ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു.
വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ട്രാഫിക് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ തന്റെ കൈവശം അവ ഒന്നുമില്ല എന്നായിരുന്നു പിടിയിലായ യുവാവിന്റെ പ്രതികരണം. ഒന്നിലധികം നിയമലംഘനങ്ങള്‍ നടത്തിയതിനാല്‍ 28,000 രൂപ പിഴയടക്കാനാണ് പോലീസ് അവരോട് ആവശ്യപ്പെട്ടത്.