
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരയ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരെ കസ്റ്റംസ് കസ്റ്റഡയിലെടുത്തു. സ്വാതി മേക്കപ്പ് ആർട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ വൃത്തിയായി പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ് സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് വൻ ലഹരിക്കടത്ത് വ്യക്തമാകുന്നത്. പിടിയിലായ മാൻവി മോഡലാണെന്നാണ് വിവരം.
സംസ്ഥാനത്ത് ലഹരിക്കടത്ത് വർധിച്ച സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് കസ്റ്റംസ്. യുവതികൾ എങ്ങോട്ടാണ് ലഹരി കൊണ്ടുവന്നത്, ആർക്കാണ് സപ്ലൈ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ അന്വേഷിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.