
തിരുവനന്തപുരം: ബംഗളുരുവിൽ നിന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തിയിരുന്ന സംഘത്തിലെ പ്രധാനിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം ജില്ലയിലേക്ക് ലഹരിയെത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കല്ലമ്പലത്ത് ദീർഘദൂര ബസുകളിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞയാഴ്ച വർക്കല സ്വദേശികളായ ദീപു, അഞ്ജന കൃഷ്ണ എന്നിവർ ഡാൻസാഫ് ടീമിന്‍റെ പിടിയിലായിരുന്നു.
ഇവരിൽ നിന്നും കടത്തിക്കൊണ്ടു വന്ന 25 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി അടുക്കത്തിൽ ആശാരിക്കണ്ടി വീട്ടിൽ ജമാൽ മകൻ അമീർ (39 )നെ ഇന്നലെ ബംഗളുരു ഇലക്ട്രോണിക് സിറ്റിയിലുള്ള മൈലസാന്ദ്രയിലെ ഫ്ലാറ്റിൽ നിന്നും കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതിയ്ക്ക് കോഴിക്കോട് ,കറ്റ്യാടി, പേരാമ്പ്ര, മട്ടന്നൂർ വയനാട്, സ്റ്റേഷനുകളിലും സമാന കേസുകൾ ഉണ്ട്. ഇയാൾ ലഹരിക്കേസുകളിലെ പിടികിട്ടാപ്പുള്ളിയാണെന്ന് പൊലീസ് പറഞ്ഞു. നൈജീരിയൻ സ്വദേശികളാണ് അമീറിന് ലഹരി എത്തിച്ച് നൽകുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്.
ഇയാൾ കേരളത്തിൽ നിന്നുള്ളവർക്ക് സപ്ലൈ നടത്തും. അത്തരത്തിലുള്ളവരായിരുന്നു ദീപുവും അഞ്ജനയും. ഒന്നാം പ്രതിയായ ദീപുവിൽ നിന്ന് എംഡിഎംഎ വാങ്ങി കല്ലമ്പലം പ്രദേശത്ത് ചില്ലറ വില്പന നടത്തുന്ന കല്ലമ്പലം സ്വദേശിയായ ഷാൻ എന്നയാളെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.സുദർശനൻ, വർക്കല ഡിവൈ.എസ്പി ഗോപകുമാർ, തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്പി പ്രദീപ് കുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ കല്ലമ്പലം എസ്എച്ച്ഒ പ്രൈജു, ഡാൻസാഫ് അംഗങ്ങളായ അനൂപ്, വിനേഷ്, ഡ്രൈവർ സിപിഒ ഷിജാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.