സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലിൽ പകർത്തി; ആലപ്പുഴയിൽ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ
ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ ഡോക്ക് യാർഡിൽ സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലിൽ പകർത്തിയ ജീവനക്കാരനെതിരേ വകുപ്പുതല നടപടി. ജീവനക്കാരനെ 21 മുതൽ സസ്പെൻഡുചെയ്തതായി ജലഗതാഗതവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായരെയാണ് സസ്പെൻഡുചെയ്തത്. വകുപ്പുതലത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നുകണ്ടാണ് നടപടി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ സൗത്ത് പോലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. എന്നാൽ, യുവതി ഇതുവരെ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടില്ല. കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമേ ഇയാൾക്കെതിരായ തുടർനടപടികൾ സംബന്ധിച്ച് അറിയാനാകൂ.
കഴിഞ്ഞ 20-നായിരുന്നു സംഭവം. ഡോക്ക് യാർഡിലെ വനിതകളുടെ ശൗചാലയത്തിൽ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള ശൗചാലയത്തിന്റെ മുകൾഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും പരാതിപ്പെടുകയും ചെയ്തു. ജോലിയിലുണ്ടായിരുന്നവരുടെ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽനിന്ന് വീഡിയോ ലഭിച്ചത്.