ഗോമൂത്രം കുടിച്ചു, ചാണകം മുഖത്ത് തേച്ചു; ഭര്‍തൃവീട്ടിലെ മനോഹരമായ ആചാരങ്ങളേക്കുറിച്ച് നിത്യാദാസ്
കൊച്ചി:വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി നിത്യ ദാസ്. ആദ്യ ചിത്രമായ ഈ പറക്കും തളികയിലൂടെ തന്നെ നിത്യ പ്രേക്ഷകരുടെ ഇഷ്ടം കവർന്നെടുക്കുകയായിരുന്നു. ദിലീപ് നായകനായ മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റ് ചിത്രമായ പറക്കും തളികയിൽ നായിക ആയിരുന്നു നിത്യ ദാസ്.
ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ അടിച്ചതോടെ കൂടുതൽ അവസരങ്ങൾ നിത്യയെ തേടി എത്തിയിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം നിത്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ പറക്കും തളിക പോലൊരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നില്ല. 2007 ൽ വിവാഹിത ആയതോടെ നിത്യ ദാസ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി.
വിവാഹ ശേഷം ചില ടെലിവിഷൻ പരിപാടികളിൽ മാത്രമാണ് നിത്യ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകൾ നൈന ജംവാൾ നിത്യക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.
അതേസമയം, 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് നിത്യ ഇപ്പോൾ. അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിൽ നായികയായാണ് നിത്യ തിരിച്ചുവരുന്നത്. ശ്വേതാ മേനോൻ, കൈലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഒരു തമിഴ് സീരിയലിലൂടെ നിത്യ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
അതേസമയം, നിത്യയുടെ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. വിവാഹ ശേഷം ജമ്മുവിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് നടി സംസാരിക്കുന്നത്.
സ്വാസിക അവതരികയായ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലാണ് നിത്യ ഇക്കാര്യങ്ങൾ സംസാരിച്ചത്. ഭർത്താവിന്റെ വീട്ടിലെ ഒരു ചടങ്ങിനിടെ ഗോംമൂത്രം കുടിക്കേണ്ട വന്നതിനെ കുറിച്ചും നടി പറയുന്നുണ്ട്. ‘വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്ക് ആണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു. അവരുടെ ഭക്ഷണ രീതികള്‍ എനിക്ക് തീരെ പറ്റില്ലായിരുന്നു. പിന്നീട് ഞാനവർക്ക് കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി നൽകി അത് കഴിക്കാൻ ശീലിപ്പിച്ചു തുടങ്ങി.
സംസാരത്തിലും സംസ്‌കാരത്തിലും ഒക്കെ മാറ്റങ്ങളുണ്ടായിരുന്നു. അതെല്ലാം സമയം എടുത്താണ് പഠിച്ചത്. വീട്ടില്‍ മക്കളുമായി മലയാളത്തിലാണ് സംസാരിക്കുന്നത്, ഭര്‍ത്താവുമായി ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കും. ഭര്‍ത്താവിന് കുറച്ചൊക്കെ മലയാളം അറിയാം. അത് പഠിപ്പിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. പറയുന്നത് മനസിലാവും,’ നിത്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഭർത്താവിന്റെ വീട്ടിൽ ഉണ്ടായ ചടങ്ങിൽ ഗോമൂത്രം അറിയാതെ കുടിക്കേണ്ടി വന്നതിനെ കുറിച്ചും നിത്യ പറയുന്നുണ്ട്. ‘അനിയന്റെ കല്യാണത്തിന് ഒരു സംഭവം ഉണ്ടായി. ചടങ്ങുകള്‍ക്ക് ഇടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു. അപ്പോള്‍ മകള്‍ പറയുന്നുണ്ടായിരുന്നു, അമ്മേ ഇതിന് എന്തോ ഉപ്പ് രസം ഉണ്ടെന്ന്. ഹേയ് നിനക്ക് തോന്നിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
പിന്നീട് ഇവർ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീട് ആണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്. ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേർത്ത് കാണും. അതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നിൽക്കും,’ നിത്യ പറഞ്ഞു