KeralaNews

നാടക രചയിതാവും അവാർഡ് ജേതാവുമായ കെ.സി. ജോർജ് അന്തരിച്ചു

കട്ടപ്പന: സംസ്‌ഥാന നാടക അവാർഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കൽ കെ.സി. ജോർജ് (51) അന്തരിച്ചു. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രഫഷനൽ നാടക മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചപ്പോൾ കെ.സി. ജോർജ് മികച്ച നാടകകൃത്തായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാ വസന്തം’ എന്ന നാടകത്തിനായിരുന്നു അവാർഡ്.

സുനാമി വിതച്ച കടുത്ത യാതനകളെ പ്രമേയമാക്കിക്കൊണ്ടാണ് കെ.സി. ജോർജ് നാടക രംഗത്ത് ചുവടുവച്ചത്. കേരളത്തിന്റെ നാടക ഭൂപടത്തിൽ മൗലികവും കാലികവുമായ രചനാ വൈഭവത്തിലൂടെ സ്വന്തമായി ഒരിടം കണ്ടെത്തിയ വ്യക്തിയായിരുന്നു കെ.സി. 2005ൽ ഓച്ചിറ സരിതയുടെ അതിരുകളില്ലാത്ത ആകാശത്തിന്റെ രചനയിലൂടെ നാടക രചനക്ക് തുടക്കമിട്ടു. അതിനുമുമ്പ് സ്കൂൾ കോളജ് പ്രാദേശിക സമിതികൾക്ക് വേണ്ടി 40 ഓളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. അതിലെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനവും ചെയ്തു.

കുട്ടികളുടെ നാടകങ്ങളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചു. 50ലധികം പ്രഫഷണൽ നാടകങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട്. തിരുവനന്തപുരം സൗപർണിക, കൊച്ചിൻ സംഗമിത്ര, ആലപ്പി തിയേറ്റേഴ്സ‌്, കൊല്ലം ആത്മമിത്ര, ഓച്ചിറ സരിഗ, അങ്കമാലി അഞ്ജലി, വടകര വരദ, കോഴിക്കോട് സാഗർ കമ്യൂണിക്കേഷൻ തുടങ്ങിയ പ്രമുഖ സമിതികൾക്കായി രചന നിർവഹിച്ചു. പ്രഫഷണൽ നാടകവേദിയിൽ ആദ്യമായി അഞ്ചു കഥകൾ ഒരൊറ്റ നാടകമാക്കി അരങ്ങിലെത്തിച്ചത് കെ.സിയുടെ രചനാ വൈഭവത്തിന്റെ മികവാണ്.

കോഴിക്കോട് സാഗർ കമ്യൂണിക്കേഷന്റെ ‘കുമാരൻ ഒരു കുടുംബനാഥൻ’ എന്ന നാടകത്തിന് 2010ൽ മികച്ച നാടകകൃ ത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഹൈറേഞ്ചിന്റെ മലമടക്കിൽനിന്ന് നാടക രചനയിലൂടെ കേരളത്തിലെ നാടകപ്രേമികളുടെ മനസിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കെ.സി. ജോർജ്. അന്തരിച്ച നാടക നടൻ എം.സി.കട്ടപ്പനയാണ് നാടകത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. ഭാര്യ: ബീന. മക്കൾ: ജറോം, ജറിറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker