KeralaNews

പൂജ നടത്തിയത് വിവാദമാക്കേണ്ട; ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ട്: മന്ത്രി

തിരുവനന്തപുരം: അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ആന പൂര്‍ണ ആരോഗ്യവാനാണെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ വരവേറ്റതിനോടാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകള്‍ പ്രശ്നമുള്ളതല്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. അരിക്കൊമ്പന്‍റെ തുമ്പിക്കൈയില്‍ ഉള്‍പ്പെടെ ആഴത്തില്‍ മുറിവുണ്ട്. 

പുലർച്ചെ നാലരയോടെയാണ് ദൌത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് വിശദീകരിച്ചു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

കുങ്കിയാനകളില്ലാതെയാണ് ആനയെ തിരികെ ഇറക്കിയതെങ്കിലും യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് തുറന്നു വിട്ടത്.  മഴ പെയ്ത കാരണം റോഡ് വളരെ മോശം ആയിരുന്നു. അതിനാൽ ദൌത്യത്തിന് കൂടുതൽ സമയമെടുത്തു.

 ഒപ്പം സ്‌ഥലത്ത് ഇറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും കൂടുതൽ സമയം ആവശ്യമായി വന്നു. വഴിയിൽ ലോറി പലയിടത്തും റോഡിൽ നിന്നും തെന്നി മാറി. ജെസിബി യുടെ സഹായത്തോടെയാണ് തിരികെ റോഡിലേക്ക് കയറ്റിയത്. പോകുന്ന വഴിയിൽ തന്നെ ആനയുടെ മയക്കം വിട്ടു തുടങ്ങിയിരുന്നു. 

സ്‌ഥലത്ത് എത്തിയപ്പോൾ കയറുകളും പുറകു ഭാഗത്തെ തടികളും അഴിച്ചു മാറ്റിയ ശേഷം ആന്റി ഡോസ് കൊടുത്തു. അല്പ സമയം കഴിഞ്ഞപ്പോൾ തനിയെ ലോറിയിൽ നിന്നും ഇറങ്ങി. ആകാശത്തേക്ക് വെടി വച്ച് ഉൾവനത്തിലേക്ക് കയറ്റിവിട്ടുവെന്നും ദൌത്യ സംഘത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker