കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം ചൈനയ്ക്ക് തന്നെ നിയന്ത്രിക്കാമായിരുന്നുവെന്നും അതുണ്ടാവാത്തതിനാലാണ് ഇന്ന് ലോകം മുഴുവന്‍ ഈ ദുരന്തം നേരിടേണ്ടി വരുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചൈനയിലെ വുഹാനില്‍ ആരംഭിച്ചതും ലോകമെമ്പാടും 160,000 ല്‍ അധികം ആളുകള്‍ മരണമടഞ്ഞതുമായ മഹാമാരിയാല്‍ ചൈനയ്ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അറിഞ്ഞുകൊണ്ട് ഉത്തരവാദികള്‍ ആണെങ്കില്‍ തീര്‍ച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി.
അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മാത്രമല്ല, മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ചൈനയ്ക്കുമറിയാം.
ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വ്യാപനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായാണ് ചൈയുടെ വാദം. ഇക്കാര്യത്തില്‍ ഞങ്ങളും അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.