കൊച്ചി: കാറിന് പിന്നില്‍ കയറില്‍ കെട്ടിവലിച്ച് കൊണ്ടുപോയ നായയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് നായയെ കണ്ടെത്താനായത്. മൂവാറ്റുപഴയില്‍ പ്രവര്‍ത്തിക്കുന്ന ദയ അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് നായയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
നായയുടെ കാലില്‍ മുറിവുകള്‍ ഉണ്ടെന്നും ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നായയെ തൃപ്പൂണിത്തുറയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. കൂടെ ഓടിയ നായയേയും കണ്ടെടുത്തിട്ടുണ്ട്. നായയെ ഉച്ചയ്ക്ക് രണ്ടര മണിയോടയാണ് കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ടെത്താനായത്. ഉടന്‍ തന്നെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കാറില്‍ കെട്ടിവലിച്ച നായയേയും നായയുടെ പിന്നാലെയോടിയ നായയേയും തങ്ങള്‍ക്ക് കണ്ടെത്താനായെന്ന് ദയ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. രണ്ട് നായകളും നിലവില്‍ ദയ പ്രവര്‍ത്തകരുടെ പരിപാലനത്തിലാണ്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും പ്രവര്‍ത്തകര്‍ അറിയിച്ചു.