KeralaNews

പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ? നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും: വിഡി സതീശൻ

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച പോലീസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്‍റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തത്? ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും അത് കണ്ടതാണ്. വനിതാ പോലീസുമായി സംസാരിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പോലീസുകാരന്‍ മനപൂര്‍വമായാണ് ലാത്തി കൊണ്ട് അടിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ എസ് യു നേതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്രയും ക്രൂരമായി ഒരു വിദ്യാർഥി സമരത്തെയും കേരളത്തിലെ പോലീസ് നേരിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ മുഖത്ത് ഒരു പ്രകോപനവുമില്ലാതെ അടിച്ചതിന് പിന്നാലെ പോലീസ് വേട്ട ആരംഭിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ നസിയ മുണ്ടപ്പിള്ളിയും അഭിജിത്തും ആശുപത്രിയിലാണ്. എന്നിട്ടും പോലീസ് പ്രവര്‍ത്തകരെ ഓടിച്ചിട്ട് പിടിച്ച് റിമാന്‍ഡ് ചെയ്യുകയാണ്.

ഓടിച്ചിട്ട് പിടിക്കാനും റിമാന്‍ഡ് ചെയ്യാനും എന്ത് സംഭവമാണുണ്ടായത്? മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ പാടില്ലേ? സി പി എം പ്രതിപക്ഷത്തിരുന്ന കാലത്ത് എത്രയോ തവണ ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിമാരുടെയും വീട്ടിലേക്ക് മാര്‍ച്ച് ചെയ്തിട്ടുണ്ട്. ഏതെങ്കിലും മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

അറസ്റ്റ് ചെയ്ത് മാറ്റുന്നതിന് പകരം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറുന്നത് ധിക്കാരമാണ്. ഈ അഹങ്കാരം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടിക്കും. പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഗൗരവതരമായി ആലോചിക്കും. അധികാരത്തിന്‍റെ അഹങ്കാരം കാട്ടുകയാണ്. ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ?

നരനായാട്ട് പോലെ പിരിഞ്ഞു പോയവര്‍ക്ക് പിന്നാലെ പോലീസ് ഓടുകയാണ്. ആദ്യമായാണോ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്? എന്ത് ഗുരുതരമായ കുറ്റകൃത്യമാണ് ആ കുട്ടികള്‍ ചെയ്തത്? എന്തിനാണ് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്. എറണാകുളത്ത് പോലീസുകാരനെ എടുത്തിട്ട് ഇടിച്ച എസ് എഫ് ഐക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അതിനുള്ള നട്ടെല്ല് പിണറായിയുടെ പോലീസിനില്ല. പോലീസുകാരെ പരസ്യമായി ജീപ്പ് തടഞ്ഞ് നിര്‍ത്തി അടിച്ചവര്‍ ഇപ്പോഴും എറണാകുളത്ത് കൂടി നടക്കുകയാണ്. നിരപരാധികളായ പെണ്‍കുട്ടികളെ ആക്രമിക്കാനുള്ള കരുത്ത് മാത്രമെ ഈ പോലീസിനുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിദ്യാർഥി സമരത്തെ ഇങ്ങനെയാണ് നേരിടുന്നതെങ്കില്‍ ഇതിലും വലിയ സമരങ്ങളെ നേരിടേണ്ടി വരും. എന്ത് പ്രകോപനമാണ് വിദ്യാർഥികള്‍ ഉണ്ടാക്കിയത്? ഒരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. അവരൊക്കെ 25 വര്‍ഷം മുന്‍പ് ചെയ്യേണ്ട കാര്യമാണ് ഇപ്പോള്‍ ചെയ്യുന്നത്. കുട്ടികളെയൊക്കെ അടിച്ചമര്‍ത്തി സമാധാനത്തോടെ ഭരിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ എസ്‌ യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയാണ് പോലീസ് ലാത്തിവീശിയത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button