സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല; നഗ്നരായി രോഗികളെ ചികിത്സിച്ച് ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം
ബെര്‍ലിന്‍: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി ജര്‍മ്മനിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നഗ്നരായാണ് ജര്‍മ്മനിയിലെ ഒരുസംഘം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്.
‘നഗ്നത എന്നത് സംരക്ഷണമില്ലാതെ ഞങ്ങള്‍ എത്രത്തോളം ദുര്‍ബലരാണ് എന്നതിന്റെ പ്രതീകമാണ്’ പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരില്‍ ഒരാളായ റൂബന്‍ ബെര്‍ണാവു പറഞ്ഞു. ഫയലുകള്‍, ടോയ്ലറ്റ് റോളുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കുറിപ്പടി ബ്ലോക്കുകള്‍ എന്നിവയ്ക്ക് പിന്നില്‍ കവര്‍ എടുത്ത് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
‘തീര്‍ച്ചയായും അടുത്ത പരിശോധന നടത്തേണ്ട രോഗികള്‍ക്ക് തുടര്‍ന്നും ചികിത്സ നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ അതിനായി ഞങ്ങള്‍ക്ക് ശരിയായ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമാണ് ‘ ഡോ. ജന ഹുസ്മാന്‍ പറഞ്ഞു. ‘മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ പരിശീലനം ലഭിച്ചവളാണ്, എന്തുകൊണ്ടാണ് എനിക്ക് ഇപ്പോള്‍ മുഖംമൂടി തുന്നേണ്ടിവരുന്നതെന്ന് മറ്റൊരു ഡോക്ടര്‍ പ്രതികരിച്ചു.
ജനുവരി അവസാനം ജര്‍മ്മനിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം കൂടുതല്‍ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെടുന്നുണ്ടെന്നും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നുമാണ് ഡോക്ടര്‍മാരുടെ ആരോപണം. പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്ന ജര്‍മ്മന്‍ സ്ഥാപനങ്ങള്‍ ഉത്പാദന ശേഷി ഉയര്‍ത്തിയിട്ടുണ്ട്. ജര്‍മ്മന്‍ ആരോഗ്യ ഇന്‍ഷുറന്‍മാരുടെ അസോസിയേഷന്‍ നടത്തിയ ഒരു പഠനത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളുടെ അപര്യപ്തത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.