തൃശൂര്‍: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍. അനസ്തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തി ആറു മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത്. ഇക്കാര്യം സച്ചിയുടെ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ അറിയാമെന്നിരിക്കെ തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം ആണെന്നും ഈ കാര്യത്തില്‍ മനോവിഷമം ഉണ്ടെന്നും ഡോക്ടര്‍ പ്രേംകുമാര്‍ പറഞ്ഞു.
”മെയ് 1നാണ് സച്ചിയുടെ വലത്തേ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തത്. അടുത്ത ദിവസം തന്നെ ഒരു സഹായവുമില്ലാതെ സച്ചി ഐസിയുവില്‍ നടന്നു. നാലാം തീയതി ഡിസ്ചാര്‍ജായി. 12 ദിവസങ്ങള്‍ക്ക് ശേഷം സ്റ്റിച്ചെടുത്തു. സച്ചി വളരെയധികം സന്തോഷവാനായിരുന്നു. സച്ചി പ്രതീക്ഷിച്ചതിലും ശസ്ത്രക്രിയ വിജയമായിരുന്നു. രണ്ടാം ശസ്ത്രക്രിയ ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആശങ്കയൊക്കെ മാറി. സ്‌പൈനല്‍ അനസ്‌തേഷ്യയിലായിരുന്നു ശസ്ത്രക്രിയ. സ്‌പൈനല്‍ അനസ്‌തേഷ്യക്ക് കാലുകള്‍ മാത്രമാണ് തരിപ്പിച്ചത്. ബോധം കെടുത്തിയില്ല.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളില്‍ കയറി സംസാരിച്ചത്. ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോടും സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച് പോയത്. ഞങ്ങള്‍ ഉടനെ അടിയന്തര ചികിത്സ നല്‍കിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി”. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സംവിധായകന്‍ സച്ചിയുടെ അന്ത്യം. സച്ചിയുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കൊച്ചിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വൈകീട്ട് രവിപുരം ശ്മശാനത്തില്‍ നടക്കും.