KeralaNews

അവിവാഹിതയായ സ്ത്രീ പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയാല്‍ ‘ആരാ കൊച്ചിന്റെ അച്ഛന്‍’ എന്നും ‘എങ്ങനെ ഉണ്ടായി’ എന്നൊക്കെ ചോദിക്കേണ്ട കാര്യമില്ല; ഡോക്ടറുടെ കുറിപ്പ്

അവിവാഹിതയായ സ്ത്രീ ആശുപത്രിയില്‍ പ്രസവ വേദനയുമായി എത്തിയാല്‍ എന്ത് ചെയ്യണമെന്ന് പറയുകയാണ് ഡോക്ടര്‍ വീണ ജെ എസ്. തന്റെ മുന്നില്‍ എത്തിയ ഒരു ഉദാഹരണ സഹിതമാണ് ഡോ. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുന്നത്. അവിവാഹിത പ്രസവ വേദനയുമായി എത്തിയാല്‍ അവരുടെ കുടുംബത്തെ അറിയിക്കുന്നതിന് മുമ്പ് വീട്ടുകാരെ അറിയിക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് ആ സ്ത്രീയോട് ചോദിക്കണമെന്ന് വീണ പറയുന്നു.

ഡോക്ടറുടെ കുറിപ്പിലേക്ക്

കുറച്ച് കാലം മുന്നേ ഒരു സ്വകാര്യആശുപത്രിയില്‍ ജോലി ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പറയാം.

ഇരുപതുകളില്‍ പ്രായമുള്ള അവിവാഹിതയായ ഒരു സ്ത്രീ പ്രസവവേദനയുമായി വരുന്നു. പ്രസവസമയം അടുക്കുന്തോറും പുള്ളിക്കാരിയുടെ വീട്ടുകാരെ വിവരം അറിയിക്കാന്‍ ആയിരുന്നു ആശുപത്രി അധികൃതരുടെ ത്വര. സ്വാഭാവികമാണ്. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ സമ്മതപത്രം ഒപ്പിടാന്‍ വീട്ടുകാരെ വിളിച്ചില്ല എന്നുംപറഞ്ഞു ഡോക്ടര്‍മാരെയും ആശുപത്രിയും അടിച്ചുതാറുമാറാക്കാന്‍ ആളുകള്‍ ജാഥയായെത്തുമല്ലോ..

എന്തായാലും പ്രസവം കഴിയുമ്പോഴേക്കും വീട്ടുകാരെത്തി. അവിവാഹിതയായ സ്ത്രീ പ്രസവിച്ചതിനാല്‍ ആകും ആ ആഘാതത്തില്‍ അവളുടെ അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്നു ഐസിയുവില്‍ ആയി. പിന്നീടുള്ള കഥകള്‍ എല്ലാം ഓരോരുത്തരുടെ മനോധര്‍മത്തിനു വിടുന്നു.

ഒരു അവിവാഹിത പ്രസവവേദനയുമായി വന്നാല്‍ അവിടെ നൈതികമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എങ്ങനെയൊക്കെ ആവാം? വിവാഹിത ഒറ്റയ്ക്ക് വന്നാലും ഇതേകാര്യം ചെയ്യാവുന്നതേയുള്ളൂ.

1) വീട്ടുകാരെ വിളിക്കണോ, വിളിക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് അവളോട്തന്നെ ചോദിക്കുക.

2) അവള്‍ ഓക്കേ ആണെങ്കില്‍ മാത്രം വീട്ടുകാരെ വിളിക്കുക. ഇല്ലെങ്കില്‍ ഒരു താത്കാലിക രക്ഷിതാവിനെ കണ്ടെത്തണം. ബുദ്ധിമുട്ടാണെങ്കിലും ഇത് പിന്തുടരണം. ഉദാഹരണത്തിന് ലൈംഗിക അതിക്രമം നടന്ന കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ കുട്ടിയുടെ രക്ഷിതാവ് കൂടെയില്ലെങ്കില്‍ രക്ഷിതാവിനെ അറേഞ്ച് ചെയ്യേണ്ടത് ഹോസ്പിറ്റല്‍ അധികാരിയുടെ കടമയാണ്. രോഗിയുടെ സ്വയം നിര്‍ണയാവകാശം കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയാല്‍ ഏത് കോടതിയും ഡോക്ടറിന്റെ സദുദ്ദേശ്യം മാനിക്കും. നേരെ മറിച്ചു തന്റെ അനുവാദം ഇല്ലാതെയാണ് ഡോക്ടര്‍ അവരുടെ അച്ഛനമ്മമാരെ വിളിച്ച് വരുത്തിയതെങ്കില്‍ സ്ത്രീ കേസ് കൊടുത്താല്‍ ഡോക്ടര്‍ കുടുങ്ങും. നഷ്ടപരിഹാരം നല്‍കേണ്ടിവരും. പക്ഷേ, അടിസ്ഥാനവൈദ്യ നൈതികത അറിയാത്ത സിസ്റ്റം ആണെങ്കില്‍ ഡോക്ടര്‍ രക്ഷപെടും സ്ത്രീ വീണ്ടും അവഹേളിക്കപ്പെടും. സംശയമില്ല.

3) സംസ്ഥാനത്തിന്റെ ജന്‍ഡര്‍ അഡൈ്വസറിനെ വിളിക്കുക. അവരോടു ഇങ്ങനെയൊരു സംഭവം നടന്നതായി പറയുക. Women and child department ല്‍ നിന്ന് എന്തെങ്കിലും ഒരുത്തരം ലഭിക്കാതിരിക്കില്ല. സ്ത്രീയെയും കുഞ്ഞിനേയും സുരക്ഷിതമാക്കി താമസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ നമുക്കുണ്ട്. ആവശ്യമെങ്കില്‍, കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കാവുന്നതാണ്.

4) കുഞ്ഞിനെ പ്രതി സ്ത്രീക്കുള്ള മാനസികവ്യവഹാരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുക. പാലൂട്ടാന്‍ തയ്യാറാണോ എന്നതുള്‍പ്പെടെ ചോദിക്കണം. ഏത് സാഹചര്യത്തിലാണ് അവിവാഹിതയായ യുവതിക്ക് ഗര്‍ഭം തുടരേണ്ടിവന്നത് എന്ന കാര്യം മറ്റാര്‍ക്കും അറിയില്ലല്ലോ? അതുകൊണ്ടാണ് എല്ലാം ചോദിക്കേണ്ടി വരുന്നത്. ‘മുലയൂട്ടിയില്ലെങ്കില്‍ ഭാവിയില്‍ സ്തനാര്‍ബുദം വന്നേക്കാം’ എന്നൊന്നും സ്ത്രീയെ ഭീഷണിപ്പെടുത്തരുത്. ലൈംഗികഅതിക്രമത്തിനിരയായി ഗര്‍ഭം തുടരേണ്ടിവന്ന ഒരു സ്ത്രീയെ ഇത്തരത്തില്‍ നിര്‍ബന്ധിച്ച കാര്യത്തെപ്പറ്റി ഒരു ഒഫീഷ്യലില്‍നിന്ന് കേട്ടിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അതിനുവേണ്ടി സ്ത്രീക്ക് സാധ്യമല്ലാത്ത കാര്യത്തിന് വേണ്ടി നിര്‍ബന്ധിക്കരുത്. ഒരു പ്രാവശ്യം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതും നിര്ബന്ധിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്ന് മനസിലാക്കുക. കുഞ്ഞിന് breast milk formula ലഭ്യമാക്കാനുള്ള സാഹചര്യം നമുക്കുണ്ടല്ലോ?

5) പ്രസവിച്ച സ്ത്രീ എന്ത് ചെറിയ ലക്ഷണങ്ങള്‍ കാണിച്ചാലും അത് ലളിതവല്‍ക്കരിക്കാതെ (functional disorder) ഇരിക്കുക. മാനസികരോഗവിദഗ്ധന്‍ വന്നുകണ്ടു രോഗമില്ല/സ്ത്രീ വളരെ stable ആണ് എന്നൊക്കെ പറഞ്ഞാലും പ്രസവശേഷം സ്ത്രീ കാണിക്കുന്ന ഓരോ ചെറിയ ലക്ഷണവും ഗൗരവമായി എടുക്കുക. പ്രത്യേകിച്ചും അവിവാഹിതയായ, പ്രസവിച്ച സ്ത്രീ ഭാവിയിലേക്ക് നോക്കുമ്പോള്‍ വളരെ നെഗറ്റീവ് ആയ കാര്യങ്ങള്‍ മാത്രം പ്രതിഫലിപ്പിക്കുന്ന നാടാണിതെന്നതുകൊണ്ട് മാത്രം.

6) ‘ആരാ കൊച്ചിന്റെ അച്ഛന്‍’ എന്നും ‘എങ്ങനെ ഉണ്ടായി’ എന്നൊക്കെ ചോദിക്കാതിരിക്കുക. കാരണം ആരെങ്കിലുമൊക്കെ അച്ഛന്‍ ആയി ഉണ്ടാകും എന്നും എങ്ങനെ ഉണ്ടാകുന്നു? എന്നൊക്കെ നമുക്ക് അറിയാമല്ലോ. ഈ സ്ത്രീയോട് മാക്സിമം ചോദിക്കാന്‍ പറ്റുന്നത് ‘എന്തെങ്കിലും പറയാനുണ്ടോ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? നിയമപരമായ സഹായം ആവശ്യമുണ്ടോ? എന്ത് ബുദ്ധിമുട്ടാണെങ്കിലും സഹായിക്കാന്‍ സിസ്റ്റം കൂടെയുണ്ട് കേട്ടോ’ എന്നതും മാത്രമാണ്.

7) കൂടുതല്‍ കരുതല്‍ നല്‍കുക

8) വീട്ടുകാരോട് സംസാരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ വിളിക്കാം എന്ന ഉറപ്പും നല്‍കുക.

9) കൗണ്‍സിലിങ് നല്‍കിയ ശേഷം മാത്രം വീട്ടുകാര്‍ക്ക് പ്രവേശനം നല്‍കുക. കൂര്‍ത്തുമൂര്‍ത്തവാക്കുകള്‍ ഉപയോഗിക്കാന്‍ സമ്മതിക്കരുത്. ഡോക്ടറോ നഴ്സോ കൂടെ നില്‍ക്കാന്‍ ശ്രമിക്കുക. ഡോക്ടര്‍ക്കോ നഴ്സിനോ സ്ത്രീയെ കാണുന്ന രീതിയില്‍ മാത്രം വീട്ടുകാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുക. അവിവാഹിതയായ മകള്‍ പ്രസവിച്ചതില്‍ മനംനൊന്തു അവളെ കൊല്ലാനോ അവളുടെ മുന്നില്‍ വെച്ചു സ്വയം തൂങ്ങിച്ചാകാനോ പോലും മടിയില്ലാത്ത വിധം മാതാപിതാക്കളെ സദാചാരം കെട്ടുപിണച്ചുശ്വാസം മുട്ടിക്കുന്ന നാടാണ് ഇതെന്ന് മറക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker