സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ നടി താരാ കല്യാണിനു പിന്തുണയുമായി ഡോ. ഷിനു ശ്യാമളന്‍ രംഗത്ത്. മരുമകനെയും മകനെ പോലെയെ കാണാന്‍ സാധിക്കൂ എന്നും എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഷിനു പറഞ്ഞു.
ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം:
മരുമകനെ അതും മകനെ പോലെ അവര്‍ക്ക് പരിചയമുള്ള ഒരാളെ സ്നേഹത്തോടെ ചുംബനം നല്‍കി ആശീര്‍വദിക്കുന്നതിനെ വരെ സമൂഹ മാധ്യമങ്ങളില്‍ അപരിഷ്‌കൃത സമൂഹത്തെ പോലെ അവരെ കളിയാക്കുകയും അശ്ലീലം പറഞ്ഞു അവരെ വേദനിപ്പിച്ചവരുമുണ്ട്.
താരാ കല്യാണ്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാന്‍ കഴിയാത്ത ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവര്‍ക്ക് ചുംബനത്തിനൊക്കെ ഒരു അര്‍ഥമേയുള്ളൂ. ആലിംഗനത്തിനും ഒരു അര്‍ഥമേയുണ്ടാകു. അത് അവരുടെ സംസ്‌കാരമാണ്. അതിന് നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല.
സമൂഹം അങ്ങനെയാണ്. പ്രത്യേകിച്ചു അഭിനയ രംഗത്തുള്ള സ്ത്രീകള്‍ക്ക് നേരെ എപ്പോഴും നോക്കുന്ന കുറേ ക്യാമറ കണ്ണുകള്‍. എന്തിനും ഏതിനും കുറെ ഗോസിപ്പുകള്‍.
മകളെ ഇത്രയും സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെയും മകനെ പോലെയെ കാണാന്‍ സാധിക്കു. പിന്നെ എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാന്‍ ആര്‍ക്കും സാധിക്കില്ല. മകളുടെ വിവാഹത്തിന് ശേഷം ഒരമ്മയെ ഇത്രയും വേദനിക്കുന്ന അല്ല അവരെ വേദനിപ്പിച്ച സമൂഹത്തെ ഓര്‍ത്താണ് ലജ്ജിക്കേണ്ടത്.