കൊച്ചി: വെറും 14 മണിക്കൂറുകൊണ്ട് പുറത്തുള്ള എല്ലാ വൈറസും നശിച്ചുപോകുമെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരേ ഡോ.ജിനേഷ് പി.എസ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ വൈറസ് താരതമ്യേന പുതിയതാണ്. അതിനാല്‍ തന്നെ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചില പ്രതലങ്ങളില്‍ ഈ വൈറസിന് മൂന്നു ദിവസം വരെ ജീവിക്കാനാവും. അത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ 14 മണിക്കൂര്‍ കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ വൈറസുകള്‍ നശിക്കുമെന്ന് പറയുന്നത് തെറ്റാണ്. ഇത്തരത്തിലുള്ള നുണപ്രചരണങ്ങള്‍ നടത്തരുതെന്നും ഡോക്ടര്‍ അഭ്യര്‍ത്ഥിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം പങ്കുവച്ചത്.
12 മണിക്കൂര്‍ വീടിന് വെളിയില്‍ ഇറങ്ങാതിരുന്നാല്‍ വൈറസ് നശിക്കുമെന്നും, അതിനാല്‍ 14 മണിക്കൂര്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പുറത്തുള്ള എല്ലാ വൈറസും നശിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലരെങ്കിലും വിശ്വസിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ ഈ നുണപ്രചരണം കേള്‍ക്കുന്ന ചിലരെങ്കിലും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിശുചിത്വത്തില്‍ ഒരു പക്ഷേ ഉപേക്ഷ വിചാരിച്ചേക്കാം.
ഇത് വലിയ ദുരന്തമാവും വരുത്തുക എന്നും ഡോക്ടര്‍ പറഞ്ഞു. നൂറുകേസുകള്‍ പോലും ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്ത ശ്രീലങ്കയില്‍ രണ്ടര ദിവസമാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ ചെയ്തുകഴിഞ്ഞു. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഡോക്ടര്‍ പറയുന്നു.