KeralaNews

13കാരനെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 6 വര്‍ഷം തടവ്; പോക്‌സോ കേസില്‍ ഒരു ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യം

തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനോരോഗ വിദഗ്ദ്ധൻ ഡോ.ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പോക്സോ കേസിൽ ഒരു ഡോക്ടർ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് അദ്യമായിട്ടാണ്.

2017 ആഗസ്റ്റ് 14-ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടിയിൽ പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് കണ്ട അധ്യാപകർ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

പ്രതി സ്കൂളിൽ പലതവണ മനശാസ്ത്ര ക്ലാസ്സ് എടുക്കുന്നതിനാൽ അധ്യാപകർ പ്രതിയെ കാണിക്കാൻ രക്ഷിതാക്കളോട് പറഞ്ഞു. ഇതിനാലാണ് രക്ഷിതാക്കൾ കുട്ടിയുമായി പ്രതിയെ കാണിക്കാൻ എത്തിയത്.

കുട്ടിയെ മാത്രമാണ് പ്രതി മുറിക്കുള്ളിൽ ചികിത്സയ്ക്കായി വിളിച്ചത്. ഒരു പസിൽ എടുത്ത് നൽകിയതിന് ശേഷം അത് അസംബിൾ ചെയ്യാൻ പറഞ്ഞു. അശ്ലീല വീഡിയോകൾ കാണാറുണ്ടോയെന്നും ചോദിക്കുകയും സെക്സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടയിൽപ്രതി പലതവണകളായികുട്ടിയുടെ കവിളിൽ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു.

കുട്ടി ഭയന്നപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു.

ചൈൽഡ് ലൈനിൽ നിന്നാണ് ഫോർട്ട് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിനുശേഷം കുട്ടിയുടെ മനോനില തകർന്നിരുന്നു. ഈ സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കോടതിക്ക് കാണാതിരിക്കാൻ പറ്റില്ലയെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നുണ്ട്. പ്രതി ഡോക്ടറായതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ചികിത്സയ്ക്ക് എത്തിയ മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരായ മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിൽ വിചാരണ അടുത്ത മാസം തുടങ്ങും. ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച മറ്റൊരു കേസുകൂടി ഉണ്ടായിരുന്നു. എന്നാൽ ഇത് ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ഫോർട്ട് സി ഐയായിരുന്ന അജി ചന്ദ്രൻ നായരാണ് കേസ് അന്വെഷിച്ചത്.15 സാക്ഷികളെയും 17 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker