തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്ക്. തിരുപ്പൂര്‍ സ്വദേശികളായ നാലു പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് വാളയാറില്‍ നിന്ന് നടരാജനാണ് ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ ഭാഗമായ മറ്റ് മൂന്നു പേരുടെ വിവരങ്ങളോ ചിത്രങ്ങളോ പുറത്ത് വിടരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വ്യക്തിയെ കാണാന്‍ എത്തിയപ്പോള്‍ വാളയാറില്‍ നിന്ന് മൂന്ന് ടിക്കറ്റുകള്‍ എടുക്കുകയായിരുന്നു. അതില്‍ ഒരു ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് ഇവര്‍ ടിക്കറ്റ് കൈമാറാനെത്തിയപ്പോള്‍ ബന്ധപ്പെട്ടവരോട് പറഞ്ഞു. സമ്മാനര്‍ഹരുടെ ആവശ്യപ്രകാരം മുഖം കാണിക്കാതെ നാലു പേരുടെയും കൈകള്‍ മാത്രം കാണിക്കുന്ന ചിത്രങ്ങളാണ് ലോട്ടറി വകുപ്പ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
തിരുവനന്തപുരത്തെ ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ നാല് പേരും നേരിട്ട് ഹാജരായാണ് ലോട്ടറി സമര്‍പ്പിച്ചത്. 25 കോടിക്ക് അര്‍ഹമായ ടി.ഇ. 230662 നമ്പര്‍ ടിക്കറ്റ് വിറ്റത് കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സിയാണ്. ഏജന്‍സി പാലക്കാട് വാളയാറില്‍ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.
ഓണം ബംപർ സമ്മാനം ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഓണം ബമ്പറിനുള്ള ഏജന്റ് കമ്മീഷനായ പത്ത് ശതമാനം കുറയ്ക്കും. അതായത് രണ്ടര കോടി രൂപ ഏജന്റ് കമ്മീഷൻ കിഴിച്ച് ഇരുപത്തിരണ്ടര കോടി രൂപയാകും സമ്മാനത്തുക. ഇതിലെ ആദായനികുതി 30 ശതമാനം ഈടാക്കി അടച്ച ശേഷം ബാക്കി 15 കോടി 75 ലക്ഷം രൂപയാകും ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് ലഭിക്കുക.
ഈ തുകയിൽ നിന്നും ആദായനികുതി സർചാർജ് , സെസ് എന്നിവ അവരുടെ നികുതി സ്ലാബ് അടിസ്ഥാനമാക്കി അടയ്ക്കേണ്ടി വരും. ഏജന്റ് കമ്മീഷന് മേലുള്ള ആദായനികുതി ഏജന്റിൽ നിന്നുമാണ് ഈടാക്കുക. 50 ലക്ഷത്തിന് മുകളിലുണ്ടെങ്കിൽ ഏജന്റും സർചാർജ്, സെസ് എന്നിവ കേന്ദ്ര നിയമം അനുസരിച്ച് തന്നെ നൽകേണ്ടി വരും.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ വന്ന് ഓണം ബംപര്‍ ടിക്കറ്റുകള്‍ വാങ്ങി ഭാഗ്യം കൊണ്ടുപോകുന്നത് ഇതാദ്യമല്ല.തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുള്ള ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീനായിരുന്നു 2021ലെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. തൊട്ടടുത്ത വര്‍ഷം, 2022ല്‍, തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുള്ള പ്രദീപ് കുമാറിനും ബന്ധുവായ എന്‍ രമേഷിനും കേരള ലോട്ടറിയുടെ വിഷു ബംപര്‍ അടിച്ചു.
തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ലോട്ടറി വിപണനം നിരോധിച്ചിരിക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ടിക്കറ്റുകളും വാങ്ങിയാണ് മടങ്ങുന്നത്. പ്രിന്റ്/ ഓണ്‍ലൈന്‍ ലോട്ടറികളുടെ വില്‍പ്പന 2003ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചത്.