വേനലവധി ക്ലാസുകൾ നടത്തരുത്; ലംഘിച്ചാൽ കർശന നടപടി: വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പ്. സിബിഎസ്‌ഇ, ഐസിഎസ്ഇ സിലബസിലുള്ള സ്കൂളുകൾക്കും നിർദേശം ബാധകമാണ്. 2017ൽ ഇതു സംബന്ധിച്ച നിർദേശം നൽകിയെങ്കിലും പല സ്ഥാപനങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും സർക്കുലർ ഇറക്കിയത്.
മധ്യവേനൽ അവധിയിൽ ക്ലാസുകൾ നടത്തിയതിലൂടെ കുട്ടികൾക്ക് ക്ലാസിലോ വഴിയിലോ വേനൽച്ചൂട് കാരണം സംഭവിക്കുന്ന അത്യാഹിതങ്ങൾക്കു സ്കൂൾ അധികാരികളായിരിക്കും ഉത്തരവാദികൾ. വ്യവസ്ഥകൾ ലംഘിക്കുന്ന സ്കൂൾ അധികാരികൾ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സർക്കാർ ഉത്തരവ് ലംഘിച്ച് ക്ലാസുകൾ നടത്തുന്നതായി നിരവധി പരാതികൾ വിദ്യാഭ്യാസവകുപ്പിനു ലഭിച്ചിരുന്നു. സർക്കാർ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്നു വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പുവരുത്തണം.
ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ദേശീയ ബാലാവകാശ കമ്മിഷനും മധ്യവേനൽ അവധിക്കാലത്ത് കേരളത്തിലെ സ്കൂളുകളിൽ ക്ലാസുകൾ നടത്താൻ പാടില്ലെന്ന് നിർദേശിച്ചിരുന്നു.