കൊച്ചി:കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് ഹൈക്കോടതി വിലക്കി. ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ് ഇത് സംബന്ധിച്ചുള്ള നിര്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും പെരുമാറ്റചട്ടത്തിൽ പറയുന്നു . സര്ക്കാർ , സര്ക്കാർ സ്ഥാപനങ്ങൾ, മന്ത്രിമാർ , രാഷ്ട്രീയ നേതാക്കൾ , ജഡ്ജിമാർ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.
കോടതി ഉത്തരവുകളെയോ നിദേശങ്ങളെയോ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കരുത്. കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സമൂഹമാധ്യമങ്ങളില് ഇടപെടുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കണം.
ജോലിസമയത്ത് സമൂഹമാധ്യമങ്ങള് ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിൽ കയറുകയോ, മൊബൈല് ആപ്ലിക്കേഷനുകള് ഉപയോഗിക്കുകയോ ചെയ്യരുത്. കോടതികളിലെ ഇന്റർനെറ്റും കംപ്യൂട്ടറുകളും ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളില് കയറരുതെന്നും പെരുമാറ്റചട്ടത്തില് പറയുന്നു