പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ജീവനക്കാർ വിനോദയാത്ര പോയത് വിവാദമാക്കിയതിന്റെ അനന്തരഫലങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ആ വിവാദത്തിന്റെ പേരിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും തലങ്ങും വിലങ്ങും പ്രചരിച്ചു. വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ എന്നത് പോലും പരിഗണിക്കാതെയാണ് വീഡിയോ ആരോ പുറത്തു വിട്ടത്.
അത് സംപ്രേഷണം ചെയ്തു. അനന്തരഫലം എന്തെന്ന് ചിന്തിക്കാതെ നടത്തിയ പ്രവർത്തി ആയിരുന്നു അത്. ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് മുന്നിൽ നിന്ന് പാട്ടുപാടിയ വ്യക്തിയുടെ ചിത്രമായിരുന്നു. ആ വ്യക്തി ഞങ്ങളുടെ ജീവനക്കാരി ആയിരുന്നില്ല. ഞങ്ങളുടെ ഒരു ഉദ്യോഗസ്ഥയുടെ മകളായിരുന്നു. ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് ആണ് അതിന് കിട്ടിയത്. അതൊരിക്കലും നല്ലകാര്യത്തിന് ആയിരുന്നില്ല.
അമ്മയുടെ കൂടെ വളരെ സ്വകാര്യമായി ഒരു പ്രോഗ്രാമിന് പോയി. അവിടെ ഒരു പാട്ടുപാടി എന്നത് മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ, അതിന് ശേഷം ആവിദ്യാർത്ഥിനിക്ക് അനുഭവിക്കേണ്ടി വന്ന മാനസികസംഘർഷം എത്രത്തോളമായിരിക്കുമെന്ന് ഒരു പക്ഷേ, പുറംലോകം അറിഞ്ഞിട്ടുണ്ടാവില്ല. ഇവിടെ എത്തിയതിന്റെ അടുത്ത ദിവസം ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു.
ഞാൻ നേരിട്ട് അവളെ കണ്ടു സംസാരിക്കുന്ന സമയത്തും ഇനി ഞാൻ പാട്ടേ പാടില്ല എന്ന ഘട്ടത്തിലായിരുന്നു. ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. പിന്നീട് കുറേയധികം ആ കുട്ടിയുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഒരു പിന്തുണ നൽകേണ്ടതായി വന്നിരുന്നു. എന്നിട്ടും കുറേയധികം ദിവസം കലാലയത്തിലേക്ക് പോകുവാൻ പോലും വളരെയധികം മാനസിക പ്രതിസന്ധിയും സംഘർഷവും കാരണം കഴിഞ്ഞില്ല.
അത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ നമ്മുടെയിടയിലും സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് മനസിലാക്കുവാൻ വേണ്ടിയാണ് ഈ സംഭവം സൂചിപ്പിച്ചത്. ഇത്തരം സംഭവങ്ങൾക്ക് നമ്മൾ ഹേതുവാകുന്നില്ല എന്ന് നമ്മൾ ഉറപ്പു വരുത്തുക. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെപ്പോലും ബാധിക്കുവാൻ തക്ക തരത്തിലുള്ള ആയുധമാണ് നിങ്ങളുടെ കൈയിലുള്ളതെന്ന തിരിച്ചറിവു വേണമെന്നും കലക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇത് നിങ്ങൾ ആരും കരുതിക്കൂട്ടി ചെയ്യുന്ന സംഭവമല്ല. പക്ഷേ, നമ്മൾ ചെയ്യുന്ന പ്രവൃത്തി ആരെയൊക്കെയാണ് ബാധിക്കുന്നതെന്ന് ചിന്തിക്കുകയും വേണമെന്ന് കലക്ടർ പറഞ്ഞു.