KeralaNews

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി; 97 പേർക്ക് സസ്പെൻഷൻ, 40 പേരുടെ ജോലി പോയി, കാരണമിതാണ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു.

74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.

ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.

ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴിൽ മേഖലയാണ് ഗതാഗത മേഖല. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുവെന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നൽകിയത്.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണ്ണമായും കെഎസ്ആർടിസിയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ആയതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെഎസ്ആർടിസി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button