തിരുവനന്തപുരം: ഏക സിവിൽ കോഡിലെ നിലവിലെ ചർച്ചകളിൽ സിപിഐക്ക് അതൃപ്‌തി. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎം നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്നുള്ള ചോദ്യമാണ് ഉയരുന്നത്.
നിയമ കമ്മീഷൻ റിപ്പോർട്ട് വരും മുൻപ് ഇത്ര ചർച്ച എന്തിനാണെന്ന് സിപിഐ ചോദിക്കുന്നു. അതേസമയം, ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃ യോഗത്തിൽ സിപിഐയുടെ ഏക സിവിൽ കോഡിലെ നിലപാട് തീരുമാനിക്കും.
ഏക സിവിൽ കോഡിൽ സിപിഐ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃ യോഗത്തിലാണ് നിലപാട് എടുക്കുക. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സിപിഎം നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ലീഗിനെ ക്ഷണിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ സിപിഐക്ക് വിമർശനമുണ്ട്. ഇത്ര പെട്ടെന്ന് വിഷയത്തിൽ പ്രതിഷേധത്തിന്റെ ആവശ്യമുണ്ടോ എന്നാണ് സംസ്ഥാന നേതാക്കൻമാർ ചോദിക്കുന്നത്.
അതേസമയം, ഏക സിവില്‍ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നുവെന്നും 1985 ല്‍ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന സിപിഎം അതിനായി വാദിച്ചുവെന്നുമുള്ള ആക്ഷേപം തള്ളി കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു.
ഇഎംഎസിന്‍റെ ലേഖനം സംബന്ധിച്ച് പ്രചരിക്കുന്നത് അബദ്ധ ധാരണകളാണ്. ഏക സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. 85 ലെ നിയമസഭാ പ്രസംഗത്തിൽ സിപിഎം എംഎൽഎമാർ സിവിൽ കോഡിനായി വാദിച്ചിട്ടില്ല. സിപിഎം സിവിൽ കോഡിന് എതിരാണ്. പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു