സംസ്ഥാനത്ത് 66 ശതമാനം സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത; ജനങ്ങളെ ആശങ്കയിലാഴ്ത്തി ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ 66 ശതമാനം സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ആകെ വിസ്തൃതിയുടെ ഏകദേശം 66 ശതമാനം പ്രദേശങ്ങളും പ്രകൃതി ദുരന്തസാധ്യതയുള്ള ഇടങ്ങളെന്ന് സംസ്ഥാന റവന്യൂവകുപ്പ്- ദുരന്തനിവാരണ വിഭാഗത്തിന്റെ വിലയിരുത്തല്‍. നഷ്ടപരിഹാരവും മറ്റും നല്‍കുന്നതിനായി 1038 വില്ലേജുകളെ പ്രകൃതിദുരന്ത ബാധിതമായി പ്രഖ്യാപിച്ച് സംസ്ഥാന ദുരുന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഈ നിഗമനം. പ്രകൃതിദുരന്ത സാധ്യതയുള്ള വില്ലേജുകളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ 4 ശതമാനം വര്‍ധനവുണ്ടെന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2018 ലെ പ്രളയ കാലത്ത് സംസ്ഥാനത്തെ 981 വില്ലേജുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ഷം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ട വില്ലേജുകളുടെ എണ്ണം 1038 ആയി ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയായ 38863 ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 22000 ചതുരശ്ര കിലോമീറ്ററും ദുരന്തസാധ്യതയുള്ള ഇടങ്ങളായി മാറും.