'ദിലീപ് കൊടുംവിഷമാണ്, അവനെ സൂക്ഷിക്കണമെന്ന് തിലകൻ ചേട്ടൻ മുന്നറിയിപ്പ് തന്നിരുന്നു'; ആലപ്പി അഷ്‌റഫ്
കൊച്ചി:മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു തിലകൻ. തന്റെ അതുല്യമായ അഭിനയ ശേഷി കൊണ്ട് കഥാപാത്രങ്ങൾക്ക് രൂപഭാവങ്ങൾ നൽകിയ അദ്ദേഹം കൈവയ്ക്കാത്ത വേഷങ്ങളില്ല. തന്റെ നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിന് ഇടയിൽ ഒട്ടേറെ വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ടിരുന്നു. അത് ഒരു ഘട്ടത്തിൽ വിലക്ക് ഏർപ്പെടുത്തുന്നത് വരെ നീളുകയും ചെയ്‌തു.
പല കാരണങ്ങളാൽ അദ്ദേഹത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മ വിലക്കിയിരുന്നു. പിന്നാലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയും താരത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തിലകന് നേരിട്ട പ്രയാസങ്ങളെ കുറിച്ചും അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മലയാള സിനിമയിൽ തിലകൻ പെരുംതച്ചൻ തന്നെയായിരുന്നു എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. അമ്മയിൽ നിന്നും ഫെഫ്‌കയിൽ നിന്നുമൊക്കെ വിലക്ക് വന്നപ്പോൾ സീരിയൽ അഭിനയത്തിലേക്ക് താരം തിരിഞ്ഞെങ്കിലും അവിടെയും അവർ പാര പണിഞ്ഞുവെന്നും ഒടുവിൽ നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിൽ പിടിച്ചുനിന്നതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ദിലീപിനെതിരെ തിലകൻ ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
തിലകൻ എന്ന മഹാനടന് മലയാള സിനിമ സമ്മാനിച്ച വിലക്ക് എന്നും ഒരു കറുത്ത ഏടായി തന്നെ നിലനിൽക്കും. ജീവിച്ചിരിക്കുമ്പോൾ നൽകാത്ത പരിഗണനയും സ്നേഹവും ഒക്കെ തിലകൻ ഇവിടെ നിന്ന് മടങ്ങുമ്പോൾ കൊടുത്തിരുന്നു. കല്ലെറിഞ്ഞവർ പൂവെറിയുന്നതും നെഞ്ചിൽ മുറിവേൽപ്പിച്ചവർ കണ്ണീരൊഴുക്കുന്നതും പതനം ആഗ്രഹിക്കുന്നവർ നല്ല വാക്കുകൾ കൊണ്ട് അനുശോചനം അർപ്പിക്കുന്നതും ഒക്കെ നാം കണ്ടതാണ്.
കഴിവുകൊണ്ട് മാത്രം ഉന്നതിയിൽ എത്തിയ കലാകാരനാണ് തിലകൻ. അല്ലാതെ സോപ്പിട്ടും മണിയടിച്ചും പാദസേവ ചെയ്‌തും മറ്റ് മൂന്നാംകിട വൃത്തികേടുകൾക്ക് കൂട്ടുനിന്നും നേടിയതല്ല അദ്ദേഹത്തിന് കിട്ടിയ അവസരങ്ങൾ. ഇതൊക്കെ സിനിമയിലെ അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും അംഗീകരിച്ച കാര്യമാണ്. സിനിമയിൽ അന്നും ഇന്നും തുടരുന്ന കുതികാൽ വെട്ട്, കുത്തിത്തിരിപ്പ്, കൂട്ടിക്കൊടുപ്പ് എന്നിവയൊന്നും തിലകൻ ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
അമ്മയുമാണ് ഫെഫ്‌കയുമായും ഒരേ സമയം പിണങ്ങേണ്ടി വന്നതാണ് തിലകന് പിടിച്ചുനിൽക്കാൻ കഴിയാതെ പോയതിന്റെ കാരണം. അന്ന് വിഷയം തണുപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല, പകരം ചൂടുപിടിപ്പിക്കാൻ കൊറേ പേർ ഉണ്ടായിരുന്നു താനും. അന്നത്തെ സാംസ്‌കാരിക മന്ത്രിക്ക് മാത്രമായിരുന്നു ഇത് പരിഹരിക്കാൻ പറ്റുമായിരുന്നത്.
മര്യാദയ്ക്ക് നിന്നില്ലെങ്കിൽ നിന്റെയൊക്കെ സ്ഥിതി തിലകന്റേത് പോലെ ആയിരിക്കുമെന്ന് അന്നവർ പലരോടും പറഞ്ഞിരുന്നു. അമ്മ സംഘടന ഒരു മാഫിയ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാൽ മികച്ചൊരു അഭിനേതാവാണ്, നല്ല സ്നേഹമുള്ള ആളുമാണ്. പക്ഷേ തന്റെ ചുറ്റുമുള്ള ഉപഗ്രഹങ്ങളെ മാറ്റി നിർത്തിയില്ലെങ്കിൽ ലാൽ പരാജയപ്പെടുമെന്ന് തിലകൻ അന്നേ പറഞ്ഞിരുന്നു.
ആട്ടിൻ തോലിട്ട ചെന്നായ എന്നാണ് നെടുമുടി വേണുവിനെ തിലകൻ വിശേഷിപ്പിച്ചത്. ഹിസ് ഹൈനസ് അബ്ദുള്ളയിൽ അഭിനയിക്കാൻ തിലകൻ ചേട്ടൻ അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ ആ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നാണ് തിലകൻ ചേട്ടൻ പറഞ്ഞത്. അതുകൊണ്ട് തനിക്ക് വേണുവിനോട് വിരോധമില്ലെന്നും അവജ്ഞയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടൻ ദിലീപ് കൊടുംവിഷമാണെന്നും അവനെ സൂക്ഷിക്കണമെന്നും തിലകൻ ചേട്ടൻ അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. ജാതി വേർതിരിവ് സിനിമയിൽ ഉണ്ടെന്ന് അദ്ദേഹം പറയുമ്പോൾ അത് അദ്ദേഹത്തിന് ഇല്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കാരണം അദ്ദേഹമൊരു ദൈവ വിശ്വാസി അല്ലായിരുന്നു. തിലകൻ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പിൽക്കാലത്ത് സത്യമായി തീർന്നിട്ടുമുണ്ട്.