CrimeKeralaNews

Digital Arrest Scam: കൊച്ചിയില്‍ വിണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 85കാരനില്‍ നിന്ന് 18 ലക്ഷം രൂപ തട്ടി

കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു. ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കൊച്ചിയില്‍ വീണ്ടും തട്ടിപ്പ് നടന്നു. എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനില്‍ നിന്ന് 17 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ജെറ്റ് എയര്‍വേസ് എം.ഡി.യുമായി ചേര്‍ന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു എളംകുളം സ്വദേശിക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നത്. ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

നവംബറില്‍ നടന്ന സംഭവത്തില്‍ കൊച്ചി സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. അക്കൗണ്ടിലെ മുഴുവന്‍ തുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആര്‍.ബി.ഐ.) പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാനാണ് സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഗത്യന്തരം ഇല്ലാതായതോടെ നവംബര്‍ 22-ന് 5000 രൂപയും 28-ന് ഒരു ലക്ഷം രൂപയും അയച്ചുകൊടുത്തു.

തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും നല്‍കി. പണം തിരികെ കിട്ടാതായതോടെ പറ്റിക്കപ്പെട്ടയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളത്തെ വീട്ടമ്മയില്‍നിന്ന് ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ 4.12 കോടി രൂപ തട്ടിയതിന് ഡിസംബര്‍ ഒന്നിന് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇതിനിടെ മുംബൈ സൈബര്‍ പോലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ ഒരു മലയാളി കൂടി കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് കൊടുവളളി കൊയ്തപറമ്പില്‍ ജാഫര്‍ എന്ന 27കാരനാണ് പിടിയിലായത്. കേസില്‍ കൊടുവളളി സ്വദേശിയായ മുഹമ്മദ് തുഫൈലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നു കൊച്ചി സൈബര്‍ പോലീസ് പറഞ്ഞു. തേവര സ്വദേശിയില്‍ നിന്ന് ജാഫറടങ്ങുന്ന സംഘം അഞ്ചു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് തട്ടിപ്പു സംഘം ആദ്യം പരാതിക്കാരനെ ബന്ധപ്പെട്ടത്.

ചൈനയിലെ ഷാങ്ഹായിലേക്ക് എ ടി എം കാര്‍ഡും ലാപ്ടോപ്പും ലഹരി മരുന്നായ എം ഡി എം എയും പണവും തേവര സ്വദേശിയായ പരാതിക്കാരന്റെ പേരില്‍ നിയമവിരുദ്ധമായി അയച്ചു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി തുടങ്ങിയത്. പരാതിക്കാരന്‍ ആശയക്കുഴപ്പത്തിലായി നില്‍ക്കേ മുംബൈ സൈബര്‍ പോലീസ് എന്ന് പറഞ്ഞ് വീണ്ടും വിളിച്ച് ഭീഷണി മുഴക്കി. സി ബി ഐ കേസ് എടുത്തെന്നു പറഞ്ഞായിരുന്നു ഭീഷണി. പരാതിക്കാരന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കോടതി പരിശോധനകള്‍ക്ക് അഞ്ച് ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി.

ഭയന്നു പോയ പരാതിക്കാരന്‍ പണം കൈമാറി. പിന്നീടാണ് തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയത്. തട്ടിപ്പു സംഘം ജാഫറിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് പണം സ്വന്തമാക്കിയതെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker