Newspravasi

ഡീസൽ കടത്ത്, പ്രവാസിയുൾപ്പെടെയുള്ളവർക്ക് സൗദിയിൽ 65 വർഷം തടവ്

റിയാദ്: സൗദി അറേബ്യയില്‍ സർക്കാർ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഡീസൽ വൻതോതിൽ വാങ്ങി വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതികളെ സൗദി കോടതി 65 വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പൊതുമുതൽ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പതിനൊന്ന് പ്രതികളും ഒരു വ്യാപാര സ്ഥാപനവും ചേർന്ന് സംഘടിത കുറ്റകൃത്യ സംഘം രൂപീകരിക്കുകയായിരുന്നുവെന്നാണ് കേസ്.

സ്വന്തം ഉടമസ്ഥതയിൽ പെട്രോൾ ബങ്കുകളുള്ളത് മുതലെടുത്ത് വൻതോതിൽ ഡീസൽ വാങ്ങിയ പ്രതികൾ, ഈ ഡീസൽ പിന്നീട് വിദേശത്തേക്ക് കടത്തി മറ്റു രാജ്യങ്ങളിൽ ഇന്ധന വില്‍പന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിയമ വിരുദ്ധമായി വിൽക്കുകയായിരുന്നു. കള്ളപ്പണം  വെളുപ്പിക്കൽ, വ്യാജ രേഖ നിർമാണം, ബിനാമി ബിസിനസ്, ബാങ്കിംഗ് കൺട്രോൾ നിയമം ലംഘിക്കൽ എന്നീ കുറ്റകൃത്യങ്ങളും പ്രതികൾ നടത്തിയതായി അന്വേഷണങ്ങളിൽ തെളിഞ്ഞു.

കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ഉപയോഗിച്ച വസ്തുവകകളും ആസ്തികളും സംവിധാനങ്ങളും കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണവും കണ്ടുകെട്ടാനും കോടതി വിധിയില്‍ പറയുന്നു. പ്രതികൾക്ക് ആകെ 2.9 കോടിയിലേറെ റിയാൽ പിഴ ചുമത്തുകയും ചെയ്‍തിട്ടുണ്ട്.

പ്രതികളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ സർക്കാർ വകുപ്പുകളുമായി കരാറുകൾ ഒപ്പുവെക്കുന്നതിൽ നിന്ന് വിലക്കി.
ഇവരുടെ ഉടമസ്ഥതയിലുള്ള പെട്രോൾ ബങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

കുറ്റക്കാരായ വിദേശികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം സൗദി അറേബ്യയിൽ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button