കണ്ണൂര്‍: ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെതിരേ കണ്ണൂര്‍ തളിപ്പറമ്പില്‍ മാനനഷ്ടക്കേസ്. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് ജി. രാജേന്ദ്രനാണ് കേസ് ഫയല്‍ ചെയ്തത്. ജൂണ്‍ 25-ന് മാത്യു, ഇടുക്കി മുരിക്കാശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ മകനെയും തന്റെ കുടുംബത്തെയും അപമാനിച്ചുവെന്നാണ് രവീന്ദ്രന്റെ ആരോപണം.
തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ജൂണ്‍ 25-ന് കട്ടപ്പന മുരിക്കാശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ധീരജിനെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് ഹര്‍ജിയുടെ ചുരുക്കം.
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറി പ്രതിഷേധിച്ചവര്‍ക്ക് ഇടുക്കി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. കള്ളും കഞ്ചാവുമടിച്ച് നടക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് ധീരജ് എന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നെന്നും രാജേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു.
മാത്യുവിന്റെ ആരോപണങ്ങള്‍ പത്ര-ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ചെന്നും അത് തനിക്കും കുടുംബത്തിനും അപമാനവും മാനഹാനിയുമുണ്ടാക്കുന്നതാണെന്നും ധീരജിന്റെ പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.