KeralaNews

'പച്ചത്തെറി പറയും ഞാന്‍, കൊണച്ച വർത്തമാനം': ചാനല്‍ അവതാരകയോട് ധർമ്മജന്‍ ബോള്‍ഗാട്ടിയുടെ മോശം പ്രതികരണം

കൊച്ചി:മലയാള സിനിമ രംഗവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന ആരോപണങ്ങളിലും വെളിപ്പെടുത്തലുകളിലും രൂക്ഷമായി പ്രതികരിച്ച് നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടി. താരസംഘടനയുടെ മാത്രം വിഷയമായി മാത്രം ഇതിനെ മാറ്റരുത്. എല്ലാ രംഗത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അതില്‍ അമ്മയിലെ ആരും എതിർ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ന്യൂസ് 18 മലയാളം ചാനലിന്റെ ചർച്ചയിൽ ധർമ്മജൻ ബോള്‍ഗാട്ടി പറയുന്നു.

തെറ്റ് തിരുത്തല്‍ സിനിമ മേഖലയില്‍ നിന്നും തുടങ്ങണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്. അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. എല്ലാ മേഖലയിലും ഇത്തരം പ്രശ്നങ്ങളില്ലേ. വേറെ മേഖല എടുത്ത് നോക്കൂ. അവിടേയും ഇത്തരം പ്രശ്നങ്ങളുണ്ടാകും. ആരോപണ വിധേയനായ ഞങ്ങളുടെ ജനറല്‍ സെക്രട്ടറി രാജിവെച്ചു. ആരോപണമാണ്, തെളിയിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ മുഖ്യമന്ത്രിമാർ വരെ രാജിവെച്ചിട്ടുണ്ട്. രാജിവെക്കാത്തവരുമുണ്ട്. എന്തിനാണ് ഞങ്ങളെ ഇങ്ങനെ കടന്നാക്രമിക്കുന്നത്.

അമ്മ ഒരുപാട് ആളുകള്‍ക്ക് നല്ല കാര്യം ചെയ്തിട്ടുണ്ട്. ഒരുപാട് പേർക്ക് വീടുവെച്ച് കൊടുത്തിട്ടുണ്ട്. അത്തരമൊരു സംഘടനയെ വല്ലാതെ അങ്ങ് തരംതാഴ്ത്തി കാണിക്കരുത്. പറയുന്നവർ പേര് പറയട്ടെ. പേര് പറഞ്ഞ ആളുകളുടെ കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തട്ടെ. ഈ വിഷയത്തില്‍ മറുപടി പറയാന്‍ ഉത്തരവാദിത്തപ്പെട്ട ഒരുപാട് ആളുകളുണ്ട്. ഞാനൊക്കെ ഒരുപാട് താഴെ നില്‍ക്കുന്ന ആളുകളാണെന്നും ധർമ്മജ്ജന്‍ പറയുന്നു.

ഇത്തരം ഒരു ആരോപണം ഉണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി നടപടി വേണമെന്നാണ് എല്ലാവരും പറയുന്നത്. അക്കാര്യത്തില്‍ ആർക്കും എതിർ അഭിപ്രായമില്ലെന്ന് പറയുന്ന ധർമ്മജന്‍ അവതാരിക ശബ്ദമുയർത്തി സംസാരിക്കുന്നതിനേയും ചോദ്യം ചെയ്യുന്നുണ്ട്. ഞാന്‍ സമാധാനമായിട്ട് സംസാരിക്കുന്നത്, അങ്ങനെ നിങ്ങള്‍ക്കും സംസാരിച്ചോട്ടെയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇക്കാര്യത്തില്‍ ശുദ്ധി കലശം നടത്തേണ്ടത് അമ്മയാണോ. അമ്മ ശുദ്ധി കലശം നടത്തിയാല്‍ കേരളം നന്നാകുമോ. സിദ്ധീഖ് രാജിവെച്ചത് അദ്ദേഹത്തിന്റെ മാന്യതയാണ്. അമ്മയിലെ എല്ലാ അംഗങ്ങളും മോശക്കാരാണോ? അങ്ങനത്തെ വർത്തമാനം പറയരുത്. എല്ലാവർക്കും കുടുംബമുണ്ട്. എനിക്ക് പ്രായപൂർത്തിയായ രണ്ട് പെണ്‍മക്കളുണ്ടെന്നും ധർമ്മജ്ജന്‍ പറയുന്നു.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിങ്ങള്‍ എന്ത് നിലപാട് എടുത്തതെന്ന് തനിക്ക് അറിയാമെന്ന് അവതാരക സൂചിപ്പിച്ചപ്പോള്‍ കൃത്യമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്നായിരുന്നു ധർമ്മജന്റെ മറുപടി. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുകയെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. അത് ആരായാലും. ഞാന്‍ പ്രതിക്കൊപ്പം നില്‍ക്കുന്നുവെന്നൊന്നും പറയരുത്. ഞാന്‍ പറഞ്ഞ കാര്യം എനിക്ക് കൃത്യമായി ഓർമ്മയുണ്ട്. ജയിലിന് പുറത്ത് പോയി കരഞ്ഞതും എനിക്ക് ഓർമ്മയുണ്ട്. ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കാന്‍ സമ്മതിക്കില്ല.

പൊട്ടിക്കരയണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും. അത് നിങ്ങള്‍ എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. എന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഞാന്‍ പ്രതികരിക്കും. നിങ്ങള്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശമ്പളത്തില്‍ നിന്നും പത്ത് രൂപയെങ്കിലും മറ്റാർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഒരാളോട് ചോദ്യം ചോദിച്ചാല്‍ തിരിച്ച് ചോദിക്കാനും അവകാശമുണ്ട്.

അമ്മ എന്ന് പറയുന്ന സംഘടനയെ നിങ്ങള്‍ക്ക് അറിയില്ല. ആദ്യം അതിനെക്കുറിച്ച് പഠിക്കൂ. എനിക്കും സിനിമ ഇല്ലാണ്ടായിപ്പോയിട്ടുണ്ട്. പുതിയ ആളുകളൊക്കെ വരുന്നു. അതായത് സിനിമയൊക്കെ കിട്ടാതാവുന്നതിന് ആരെയും പറഞ്ഞിട്ട് കാര്യമില്ല. സിനിമാക്കാരെല്ലാവരും മോശക്കാരാണെന്നാണോ നിങ്ങള്‍ വിചാരിച്ചത്.

വർത്തമാനം പറയേണ്ടതില്ലെന്ന് വിചാരിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. ലാലേട്ടന്‍ അധ്യക്ഷനായിരിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ഞാന്‍. സിദ്ധീഖ്, മമ്മൂട്ടി, ബാബു ചേട്ടന്‍ എല്ലാവരും ഉള്ള സംഘടനയാണ്. നിങ്ങള്‍ ഈ ജാതി സംസാരമാണെങ്കില്‍ ശരിക്കും പറഞ്ഞാല്‍ ഞാന്‍ പച്ചത്തെറി പറയും. അത് എന്റെ സംസ്കാരമായിരിക്കും.

നിങ്ങള്‍ ആരാണ്, ഈ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്തത്, ചാനലില്‍ ഇരുന്ന് കൊണച്ച വർത്തമാനം പറയുകയല്ലാതെ. ഞങ്ങള്‍ക്കും ഭാര്യയും കുടുംബവുമൊക്കെയുണ്ട്. അവിടെയിരുന്ന് പ്രസംഗിക്കുന്നത് പോലെ ഞങ്ങള്‍ക്കിട്ട് അധികമങ്ങ് ഉണ്ടാക്കേണ്ടതില്ല. താനാരാണെന്ന് എനിക്ക് അറിയില്ല, തന്റെ വീട്ടില്‍ വന്ന് സംസാരിക്കുന്നില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞ് പോകും ഞാന്‍. താന്‍ തന്റെ വഴി നോക്ക്, പോയി പണി നോക്ക്. ഇതൊക്കെ ചോദിക്കാന്‍ താനാണോ കോടതിയെന്നും ധർമ്മജന്‍ ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker