KeralaNationalNews

പരീക്ഷ കഴിഞ്ഞുള്ള പെണ്‍കുട്ടികളുടെ ആഘോഷം ഇഷ്ടപ്പെട്ടില്ല; ഷർട്ട് ഊരി ബ്ലെയ്സർ ധരിച്ച് പോകണമെന്ന് പ്രിൻസിപ്പാൾ

ജാർഖണ്ഡ് : ധന്‍ബാദിലെ പ്രസിദ്ധമായ ഒരു സ്വകാര്യ പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പെന്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത 80 ഓളം പെൺകുട്ടികളോട് ഷര്‍ട്ട് ഊരി മാറ്റി ബ്ലെയ്സര്‍ മാത്രം ധരിച്ച് വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് പരാതി. പത്താം ക്ലാസിലെ പെണ്‍കുട്ടികളോടാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ ഷര്‍ട്ടില്ലാതെ ബ്ലെയ്സര്‍ മാത്രം ധരിച്ചാണ് വീട്ടിലെത്തിയതെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തി. 

പെന്‍ ദിനാഘോഷത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ ഷര്‍ട്ടില്‍ സന്ദേശങ്ങള്‍ എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷർട്ട് ഊരിമാറ്റാൻ നിർദേശിച്ചതായും ബ്ലെയ്സറുകള്‍ മാത്രം ധരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ പറയുകയും ചെയ്തു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയെന്ന് ധൻബാദ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) മാധ്വി മിശ്ര പറഞ്ഞു.

പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് കുട്ടികള്‍ പരസ്പരം ഷര്‍ട്ടുകളില്‍ സന്ദേശങ്ങളും കുത്തിക്കുറിക്കലുകളും നടത്തിയതെന്നാണ് പെൺകുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചത്. എന്നാൽ ആഘോഷത്തെ എതിർത്ത പ്രിൻസിപ്പൽ പെൺകുട്ടികളോട് ഷർട്ട് അഴിച്ചുമാറ്റാൻ പറയുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ക്ഷമാപണം നടത്തിയിട്ടും ഷര്‍ട്ട് മാറ്റി ബ്ലെയ്സര്‍ ഇട്ടാണ് പെണ്‍കുട്ടികള്‍ വീട്ടിലെത്തിയതെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

നിരവധി രക്ഷിതാക്കൾ പ്രിൻസിപ്പലിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇരയായ പെൺകുട്ടികളുമായും സംസാരിച്ചിട്ടുണ്ടെന്നും വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ,വിഷയം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ, സബ് ഡിവിഷണൽ പോലീസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സമിതി. സംഭവം ലജ്ജാകരവും ദൗർഭാഗ്യകരവുമാണ് ജാരിയ എംഎൽഎ രാഗിണി സിംഗ്  പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker