25.4 C
Kottayam
Friday, May 17, 2024

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ എത്തിയവര്‍ക്ക് മതപരമായ സംവരണത്തെ സംബന്ധിച്ച് വ്യക്തമായ വിധി പ്രസ്താവങ്ങള്‍ ഇല്ലെന്ന് സുപ്രീം കോടതി,ദേവികുളം തെരഞ്ഞെടുപ്പ് കേസ് മാറ്റി

Must read

ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്തുള്ള രാജയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 28-ലേക്ക് മാറ്റി. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതുവരെ ഒന്നും നടക്കാനില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് രാജക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.വി വിശ്വനാഥും അഭിഭാഷകന്‍ ജി. പ്രകാശും വാദിച്ചു. രാജയുടെ പൂര്‍വികര്‍ 1950-ന് മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്.

സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, യഥാര്‍ത്ഥ മതം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി. കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

എ. രാജ ഔദ്യോഗിക രേഖകളില്‍ ഹിന്ദു ആയിരിക്കാമെങ്കിലും ക്രിസ്തു മത വിശ്വാസപ്രകാരം ആയിരിക്കാം ജീവിക്കുന്നതെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സുധാന്‍ഷു ദുലിയ അഭിപ്രായപ്പെട്ടു. രാജയുടെ വിവാഹം ക്രിസ്തു മതാചാര പ്രകാരമാണ് നടന്നതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് ദുലിയ ഇങ്ങനെ അഭിപായപ്പെട്ടത്. എന്നാല്‍, ഈ അഭിപ്രായം രാജക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. വി വിശ്വനാഥ് നിഷേധിച്ചു.

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ എത്തിയവര്‍ക്ക് ലഭിക്കുന്ന മതപരമായ സംവരണത്തെ സംബന്ധിച്ച് വ്യക്തമായ വിധി പ്രസ്താവങ്ങള്‍ ഇല്ലെന്നും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week