ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദി
പത്തനംതിട്ട : അന്യ സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് അയ്യപ്പഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്തിരിയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ. എസ്.ബിജു ആവശ്യപ്പെട്ടു.
കോവിഡ് പോസിറ്റീവായ ഭക്തര്‍ സഞ്ചരിച്ച വാഹനത്തില്‍ എത്തിയ അയ്യപ്പഭക്തരും, ജീവനക്കാരും കോറന്റൈനില്‍ പോകേണ്ടി വന്നിരിക്കുകയാണ്.അന്യ സംസ്ഥാനത്തു നിന്ന് ഭക്തര്‍ ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത് സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ആണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ മാത്രമാണ് ആന്റിജെന്‍ ടെസ്റ്റ് നടത്തുന്നത്. രോഗബാധിതരായ അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലെയും ഭക്തര്‍ക്കും ജീവനക്കാര്‍ക്കും, സമ്പർക്കം പുലര്‍ത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും, വാഹനത്തില്‍ യാത്ര ചെയ്യുന്ന അയ്യപ്പ ഭക്തര്‍ക്കും, എല്ലാം കോവിഡ് വ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്ന് ബിജു പറഞ്ഞു.
“സംസ്ഥാനത്ത് കോവിഡ് വ്യാപന പ്രതിരോധത്തിന് ദോഷകരമാകുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ദേവസ്വം ബോര്‍ഡ് വരുമാനത്തില്‍ കുറവ് വരും എന്നതിന്റെ പേരില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കും എന്ന് അവലോകന യോഗത്തിനു ശേഷം മന്ത്രി നടത്തിയ പ്രസ്താവന വീണ്ടുവിചാരം ഇല്ലാത്തതാണ്”-ബിജു പറഞ്ഞു.