ശബരിമല: ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 10 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം അഞ്ചു മുതല്‍ ഉപ്പുമാവും, കടലയും, ചുക്ക് കാപ്പിയും ലഭിക്കും.
ബൊഫേ രീതിയിലാണ് ഭക്ഷണം നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിനാല്‍ പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസുകളാണ് അന്നദാനത്തിനായി ഉപയോഗിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. നിലവില്‍ ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ പാചകം ചെയ്യുന്നതിന് 12 പേരും, ക്ലീനിംഗിനും മറ്റ് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി 40 പേരും, 12 ദേവസ്വം സ്റ്റാഫുമാണ് ഉള്ളത്. സന്നിധാനത്തെ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ആളുകളെ ദൈനംദിന പ്രവര്‍ത്തികള്‍ക്കായി നിയോഗിക്കും.
ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എന്‍. ഗണേശന്‍ പോറ്റി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.