ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ചിട്ടു പോയ വീട്ടമ്മ മരിച്ചു
കോട്ടയം: ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച നിലയില്‍ അടിമാലിയില്‍ നിന്ന് കണ്ടെത്തിയ വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം 17നാണ് കണ്ടെത്തിയത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സിച്ച ലൈലാമണിയെ മകന്‍ മഞ്ജിത് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റിയത്. ഇവരെ ഉപേക്ഷിച്ച ഭര്‍ത്താവ് മാത്യുവിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം കല്ലറ സ്വദേശിനിയായ ലൈലാമണിയുടെ ഭര്‍ത്താവ് 22 കൊല്ലം മുന്‍പ് മരിച്ചതാണ്. 2014 മുതല്‍ മാത്യുവിനോടൊപ്പമായിരുന്നു ഇവരുടെ താമസം. ലെലാമണിക്ക് രണ്ട് മക്കളാണുള്ളത്. രണ്ട് ദിവസമാണ് 55 വയസുള്ള ലൈലാമണി കാറില്‍ കഴിഞ്ഞത്. വണ്ടി വഴിയരികില്‍ നിര്‍ത്തിയിട്ട് മൂത്രമൊഴിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ ഭര്‍ത്താവിനെ പിന്നീട് കണ്ടില്ലെന്നാണ് വീട്ടമ്മ നല്‍കിയ മൊഴി. മകനെ കാണാനാണ് ഇടുക്കിയിലെത്തിയതെന്നും കണ്ട ശേഷം തിരിച്ച് വരുന്ന വഴിയാണ് അടിമാലിയിലെത്തിയതെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞിരുന്നു. മാനന്തവാടിക്കടുത്ത് വാളാട് വെണ്‍മണിയിലാണ് ലൈലാമണി താമസിച്ചിരുന്നത്. കടബാധ്യതയുളളതിനാല്‍ വീട് വിറ്റതിന് ശേഷം ഭര്‍ത്താവ് മാത്യുവിനൊപ്പം വാടകവീട്ടിലായിരുന്നു താമസം.