FeaturedHome-bannerNationalNews

നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന്  തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിൻ്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതിയെത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്.

ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ? പാർലമെൻറ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബർ 16 ന് നിരോധനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

ഈ കേസുകളിൽ 2022 സിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കി. തുടർന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബർ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആർട്ടികിൾ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടൽ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker