FeaturedNews

നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാണ്ട്; ഡിജിറ്റല്‍ പേയ്മെന്റ് വിപുലമാക്കിയെന്ന് കേന്ദ്രം, കറന്‍സി ഉപയോഗം ഉയര്‍ന്നുതന്നെ

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. സാമ്പത്തിക മേഖലയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇതുവരെ സമ്മിശ്ര പ്രതിഫലനങ്ങള്‍ക്ക് ഇന്ത്യയില്‍ കാരണമായില്ലെന്നതാണ് വസ്തുത. നിരോധനം നടപ്പാക്കി അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും രാജ്യത്ത് കറന്‍സി ഉപയോഗം ഉയര്‍ന്നുതന്നെയെന്നത് നോട്ടുനിരോധനത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നു.

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് വേഗത്തില്‍ സാധാരാണക്കാര്‍ പോലും എത്താന്‍ നോട്ടുനിരോധനം കാരണമായെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 2016 നവംബര്‍ എട്ട് രാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധന പ്രഖ്യാപനം നടത്തി. രാജ്യത്ത് നോട്ടുകളുടെ 86 ശതമാനം ഒറ്റയടിക്ക് അസാധുവായെന്നതാണ് നോട്ടുനിരോധനത്തിന്റെ ബാക്കി പത്രം.

ഇന്ത്യയിലെ കള്ളപ്പണത്തിന്റെ പ്രചാരത്തെ തടഞ്ഞ് സാമ്പത്തിക മേഖലയെ സുതാര്യമാക്കുക എന്നത് നോട്ടുനിരോധനത്തിന്റെ പ്രധാന പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തിലുള്ള വര്‍ധനവാണ് കാണാനാകുന്നത്. 57.48 ശതമാനമെങ്കിലും വര്‍ധനവുണ്ടായെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു.

നോട്ടുനിരോധനം പാളിയെന്ന് ഒറ്റവാക്കില്‍ വിലയിരുത്താനുള്ള കാരണമായി ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഇതിനെയാണ്. ഈ വര്‍ഷം ഒക്ടോബര്‍ എട്ടിന് പ്രസിദ്ധപ്പെടുത്തിയ സ്ഥിതിവിവരമനുസരിച്ച് പൊതുജനങ്ങള്‍ തമ്മില്‍ വിതരണം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28 കോടിയിലധികം രൂപവരും. നോട്ടുനിരോധനം നടന്ന 2016 നവംബര്‍ ആദ്യവാരം 17.97 ലക്ഷം കോടി മാത്രമായിരുന്നു.

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ സാമ്പത്തിക രംഗത്തെ സുതാര്യത വര്‍ധിച്ചുവെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ന്യായവാദം. രാജ്യത്തെ മൂലധന നിക്ഷേപം വര്‍ധിക്കുകയും ബാങ്കുകളിലേക്കും മ്യൂച്വല്‍ ഫണ്ടിലേക്കും കൂടുതല്‍ പണം എത്തുകയും ചെയ്തതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നികുതിദായകരുടെ എണ്ണത്തില്‍ നോട്ടുനിരോധനത്തിനുശേഷം വലിയ വര്‍ധനവുണ്ടായി. നോട്ട് അസാധുവാക്കലിന്റെ അടുത്ത വര്‍ഷം മാത്രം നികുതിയിനത്തില്‍ ആറായിരം കോടി രൂപ ഖജനാവിലെത്തി.

കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുളള അവസരം എട്ടുലക്ഷം പേരാണ് വിനിയോഗിച്ചത്. ഭീകരതയെയും കുഴല്‍പ്പണ ഇടപാടിനെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളെയും ലക്ഷ്യമിട്ടായിരുന്നു നോട്ടുനിരോധനമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെയും വാദം. മറ്റെല്ലാ വിമര്‍ശനങ്ങളും ഒഴിച്ചുനിര്‍ത്തിയാലും ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളും വ്യവസായ സ്ഥാപനങ്ങളും നോട്ടുനിരോധനിരോധനത്തിന് പിന്നാലെ അടച്ചുപൂട്ടിയെന്നത് വസ്തുതയാണ്. സംഘടിത മേഖലയിലും നിരവധി പേര്‍ തൊഴില്‍ രഹിതരാായി.

2015-16ല്‍ 8.2ശതമാനമായിരുന്ന രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 2019-20ല്‍ നാല് ശതമാനമായി കൂപ്പുകുത്തി. നോട്ടുനിരോധനത്തിന്റെ തുടര്‍ച്ചയായി 18ലക്ഷം കോടി കറന്‍സിയില്‍ അഞ്ചുലക്ഷം കോടിയെങ്കിലും ബാങ്കുകളിലേക്ക് മടങ്ങിവരില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഏതാണ്ട് നൂറുശതമാനം പണവും മടങ്ങിയെത്തി എന്നതും സ്ഥിതിവിവരം വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരി ആഘാതമേല്‍പ്പിച്ച സമ്പദ്ഘടനയുമായാണ് നോട്ടുനിരോധനത്തിന്റെ അഞ്ചാംവാര്‍ഷികത്തില്‍ രാജ്യം കടന്നുപോകുന്നത്. നോട്ട് അസാധുവാക്കലിലൂടെ രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പ്രസിദ്ധപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker