CricketNewsSports

അവസാന പന്തിൽ ക്ലൈമാക്‌സ്‌! ഗുജറാത്ത് വീണു, ഡല്‍ഹിയുടെ ജയം 4 റൺസിന്

ഡല്‍ഹി: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയവഴിയില്‍. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീണു. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ റാഷിദ് ഖാൻ പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത രണ്ട് പന്തിലും സിംഗിള്‍ ഓടിയില്ല. അഞ്ചാം പന്ത് സിക്സിന് പറത്തിയെങ്കിലും അവസാന പന്തില്‍ ജയിക്കാൻ 5 റണ്‍സ് വേണ്ടപ്പോള്‍ സിംഗിളെടുക്കാനെ റാഷിദിന് കഴിഞ്ഞുള്ളു. ജയത്തോടെ ഗുജറാത്തിനെ മറികടന്ന് ഡല്‍ഹി എട്ട് പോയന്‍റുമായി ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഗുജറാത്ത് ഏഴാം സ്ഥാനത്താണ്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 224-4, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 220-8.

ഡേവിഡ് മില്ലറും റാഷിദ് ഖാനും ക്രീസിലുള്ളപ്പോള്‍ അവസാന മൂന്നോവറില്‍ 49 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറിലെലെ മൂന്നാം പന്തില്‍ അതുവരെ തകര്‍ത്തടിച്ച ഡേവിഡ് മില്ലര്‍ മടങ്ങിയതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചതാണ്. അവസാന രണ്ടോവറില്‍ 37 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനായി റാസിക് സലാം എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 18 റണ്‍സടിച്ച സായ് കിഷോറും റാഷിദ് ഖാനും ചേര്‍ന്ന് അവസാന ഓവറിലെ ലക്ഷ്യം 19 ആക്കി.

മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി റാഷിദ് ഖാന്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് മോഹിത് ശര്‍മയായതിനാല്‍ മൂന്നും നാലും പന്തുകളില്‍ സിംഗിള്‍ ഓടിയില്ല. അഞ്ചാം പന്തില്‍ വീണ്ടും സിക്സ് അടിച്ച റാഷിദ് ഖാന്‍ ലക്ഷ്യം അവസാന പന്തില്‍ അഞ്ച് റണ്‍സാക്കി. എന്നാല്‍ അവസാന പന്തില്‍ സിംഗിളെടുക്കാനെ റാഷിദിനായുള്ളു. 11 പന്തില്‍ 22 റണ്‍സുമായി റാഷിദ് ഖാന്‍ പുറത്താകാതെ നിന്നപ്പോള്‍ സായ് കിഷോര്‍ ആറ് പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.

39 പന്തില്‍ 65 റണ്‍സടിച്ച സായ് സുദര്‍ശന്‍ ഗുജറാത്തിന്‍റെ ടോപ് സ്കോററായപ്പോള്‍ 23 പന്തില്‍ 55 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പോരാട്ടവും പാഴായി. പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ റാഷിദ് ഖാന്‍ അടിച്ച ഉറപ്പായ സിക്സ് ബൗണ്ടറിയില്‍ അവിശ്വസനീയമായി തടുത്തിട്ട ട്രൈസ്റ്റന്‍ സ്റ്റബ്സിന്‍റെ സേവാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്. ഡല്‍ഹി ഇന്നിംഗ്സില്‍ അവസാന രണ്ടോവറില്‍ 53 റണ്‍സ് വഴങ്ങിയതും മത്സരത്തില്‍ നിര്‍ണായകമായി.

ഡല്‍ഹി ഉയര്‍ത്തിയ 225 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ(6) രണ്ടാം ഓവറില്‍ തന്നെ ആന്‍റിച്ച് നോര്‍ക്യയുടെ പന്തില്‍ അക്സര്‍ പട്ടേല്‍ ചാടിപ്പിടിച്ചു. ഗില്‍ തുടക്കത്തിലെ വീണെങ്കിലും തകര്‍ത്തടിച്ച സായ് സുദര്‍ശനും വൃദ്ധിമാന് സാഹയും ചേര്‍ന്ന് ഗുജറാത്തിനെ പവര്‍ പ്ലേയില്‍ 67 റണ്‍സിലെത്തിച്ച് പ്രതീക്ഷ കാത്തു. പത്താം ഓവറില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ സാഹ(25 പന്തില്‍ 39) പുറത്താവുമ്പോള്‍ ഗുജറാത്ത് 98 റണ്‍സിലെത്തിയിരുന്നു. പിന്നാലെ സായ് സുദര്‍ശന്‍ 29 പന്തില്‍ അര്‍ധെസഞ്ചുറി പൂര്‍ത്തിയാക്കി.

സാഹക്ക് പകരമെത്തിയ അസ്മത്തുള്ള ഒമര്‍ സായി(1) നിരാശപ്പെടുത്തിയപ്പോള്‍ അര്‍ധസെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച സുദര്‍ശന്‍ ഗുജറാത്തിനെ റണ്‍വേട്ടയില്‍ നിലനിര്‍ത്തി. എന്നാല്‍ സുദര്‍ശനെയും(39 പന്തില്‍ 65), ഷാരൂഖ് ഖാനെയും(8) പുറത്താക്കി റാസിക് സലാം ഇരട്ട പ്രഹരമേല്‍പ്പിച്ചതിന് പിന്നാലെ രാഹുല്‍ തെവാട്ടിയയെ(4) കുല്‍ദീപ് യാദവും വീഴ്ത്തിയതോടെ ഗുജറാത്ത് 152-6ലേക്ക് വീണു.

എന്നാല്‍ ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 24 റണ്‍സടിച്ച ഡേവിഡ് മില്ലര്‍ 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഗുജറാത്തിന്‍റെ പ്രതീക്ഷയായി. എന്നാല്‍ പതിനെട്ടാം ഓവറിലെ മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍(23 പന്തില്‍ 55) സിക്സ് അടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കിയതോടെ ഗുജറാത്തിന് തിരിച്ചടിയേറ്റു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും അക്സര്‍ പട്ടേലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. 43 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോററര്‍. അക്സര്‍ പട്ടേല്‍ 43പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രൈസ്റ്റൻ സ്റ്റബ്സ് 7 പന്തില്‍ 26 റണ്‍സുമായി ഡല്‍ഹിയെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസര്‍ സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

പത്തൊമ്പതാം ഓവര്‍ എറിഞ്ഞ സായ് കിഷോറിനെതിരെ ട്രൈസ്റ്റന്‍ സ്റ്റബ്സ് 22 റണ്‍സടിച്ച് ഡല്‍ഹിയെ 200ന് അടുത്തെത്തിച്ചു. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 31 റണ്‍സ് കൂടി അടിച്ചതോടെ അവസാന രണ്ടോവറില്‍ മാത്രം ഡല്‍ഹി 53 റണ്‍സടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker