ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒറ്റഘട്ടമായി ഫെബ്രുവരി അഞ്ചിന് രാജ്യതലസ്ഥാനത്തെ 70 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 8 ന് ഫലം അറിയാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 17 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജനുവരി 20. കൂടുതല്‍ ആളുകളെ പോളിങ് ബൂത്തിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തിയതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിനായി ഭരണകക്ഷിയായ എ എ പി, ബി ജെ പി, കോണ്‍ഗ്രസ് എന്നിവരെല്ലാം നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞു. മൂന്ന് കക്ഷികളും ഇതിനോടകം തന്നെ ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി. വലിയ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന എ എ പിയേയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും സംബന്ധിച്ച് അധികാരം നിലനിർത്തല്‍ ഏറെ പ്രധാനമാണ്.
മറുവശത്ത് ബി ജെ പിയാകട്ടെ 1993 ന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരം പിടിക്കാനുള്ള സുവർണ്ണാവസരമായിട്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന് കാണുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി ജെ പിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചത് അവരുടെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നു.
ഇന്ത്യാ മുന്നണിയുടെ ഭാഗമായി ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ എ പിയും സഖ്യമായി മത്സരിച്ചെങ്കിലും ഇരുപാർട്ടികളും വലിയ തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണ് ഇരുപാർട്ടികളും മത്സരിക്കുന്നത്. സഖ്യരൂപീകരണത്തിനായി പ്രാഥമിക ചർച്ചകള്‍ നടത്തിയെങ്കിലും ഒന്നും മുന്നോട്ട് പോയില്ല.
2020 ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണ പ്രദേശത്ത് മികച്ച വിജയത്തോടെ എ എ പി ഭരണം നിലനിർത്തുകയായിരുന്നു. 70 ല്‍ 62 സീറ്റുകളും അരവിന്ദ് കെജ്രിവാളും സംഘവും നേടിയപ്പോള്‍ ബി ജെ പിക്ക് ലഭിച്ചത് 7 സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റ് പോലും നേടാനായില്ല. 2015 ല്‍ എ എ പി 67, ബി ജെ പി 3, കോണ്‍ഗ്രസ് 0 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
അതേസമയം, വാർത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂർണ്ണമായും തള്ളി. വോട്ടിങ് മെഷീനില്‍ യാതൊരു വിധത്തിലുള്ള അട്ടിമറിയും നടത്താനാകില്ല. ഇവിടം അടിമറി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഉത്തരവാദിത്തമില്ലാത്ത ആരോപണമാണ് തിരഞ്ഞെടുപ്പിനെതിരെ ഉയർന്നത്.
ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ഉയരണം. ആ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരുമാണ്. എന്നാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി അടക്കം ഉയർന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ വ്യക്തമാക്കി.