തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. തന്നെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ചൊവ്വാഴ്ച നടന്ന കെ പി സി സി യോഗത്തില്‍ ദീപ്തി മേരി വര്‍ഗീസ് അറിയിച്ചു.
തന്റെ പേര് സജീവമായി പരിഗണിക്കാതിരുന്നതിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പരിഗണനയിലുണ്ടായിരുന്നവരില്‍ തന്റെ പേര് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറയാതിരുന്നതിലും ദീപ്തി മേരി വര്‍ഗീസ് യോഗത്തില്‍ പ്രതിഷേധം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നവരില്‍ ദീപ്തി മേരി വര്‍ഗീസിന്റെ പേരും ഉണ്ടായിരുന്നു. ഉമ തോമസ് മത്സരത്തിന് സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കില്‍ വനിത സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ദീപ്തി മേരി വര്‍ഗീസിനെ പരിഗണിച്ചേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഉമ തോമസ് മത്സരിക്കാന്‍ തയ്യാറായതോടെ മറ്റ് പേരുകള്‍ അപ്രസക്തമായി. പി ടി തോമസിന്റെ ഭാര്യ എന്നതില്‍ ഉപരി മഹാരാജാസ് കോളേജിലെ മുന്‍ കെ എസ് യു നേതാവ് എന്നത് കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസ് ഏകകണ്ഠമായി ഉമാ തോമസ് എന്ന പേരിലേക്ക് എത്തിയത്.
വിജയ സാധ്യത പരിഗണിച്ചപ്പോള്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളും ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു.
തൃക്കാക്കരയിലേത് വ്യക്തികള്‍ക്ക് അപ്പുറം രാഷ്ട്രീയ പോരാട്ടമാണ് എന്നായിരുന്നു സഹതാപ തരംഗമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തിയെന്ന കാര്യം നേതൃത്വമാണ് വ്യക്തമാക്കേണ്ടത് എന്നും അവര്‍ പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദീപ്തി മേരി വര്‍ഗീസ് സജീവമായിരുന്നു. ചാനല്‍ ചര്‍ച്ചകളിലും സജീവമായി പങ്കെടുത്തിരുന്നു. പിന്നാലെ താന്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പമാണെന്ന് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ തീരുമാനാണ് ഏറ്റവും പ്രധാനമെന്നും അവര്‍ പറഞ്ഞിരുന്നു.
നേതൃത്വം ഒരു തീരുമാനം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അതിനൊപ്പം നില്‍ക്കുകയാണ് പ്രവര്‍ത്തകരുടെ ധാര്‍മികതയെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചിരുന്നു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ മാതൃകയാക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സി യോഗത്തിന്റെ തീരുമാനം.
കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന് വഴിയൊരുക്കിയതെന്ന് കെ പി സി സി യോഗം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ മാതൃക പിന്തുടരാന്‍ ഭാരവാഹി യോഗത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ട്.