കോട്ടയം: നാട്ടകത്ത് കുറ്റിക്കാടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. നേരത്തെ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയത് അസ്ഥികൂടം ജിഷ്ണുവിന്റേതല്ലെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം.
ധരിച്ചിരുന്ന ജീന്‍സും ചെരിപ്പും ജിഷ്ണുവിന്റേതല്ലെന്ന് അമ്മ ശാരദ പറഞ്ഞു. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 3നാണ് വൈക്കം സ്വദേശിയായ ജിഷ്ണുവിനെ കാണാതായത്.
26 ന് നാട്ടകത്തെ എസ്പിസിഎസ് വക പുരയിടത്തില്‍ അസ്തികൂടം കണ്ടെത്തുകയായിരിന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അത് വൈക്കം കുടവെച്ചൂര്‍ സ്വദേശി ജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടങ്ങളാണോയെന്ന സംശയമുയര്‍ന്നത്. കുടുംബാഗങ്ങള്‍ ആദ്യഘട്ടത്തില്‍ അത് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കണ്ടെത്തിയ അസ്തികൂടം ജിഷ്ണുവിന്റേതല്ലെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
വസ്ത്രങ്ങളും ചെരിപ്പും മൊബൈല്‍ഫോണും ജിഷ്ണു ഉപയോഗിച്ചിരുന്നതല്ലെന്ന് അമ്മ ശാരദ പറഞ്ഞു. ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കാന്‍ 21 ദിവസം താമസമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വൈക്കം പോലീസും ചിങ്ങവനം പോലീസുമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.