കൊച്ചി: തൈക്കുടത്ത് അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയാണ് വീടിന് പുറത്തായത്. സരോജിനിയെ വീട്ടില്‍ കയറ്റണമെന്ന് നേരത്തേ ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെട്ടില്ല എന്നും ആക്ഷേപമുണ്ട്.
ഇളയ മകളുടെ വീട്ടിലേക്ക് പോകാന്‍ പറഞ്ഞാണ് മകള്‍ വീട് പൂട്ടിപ്പോയതെന്ന് സരോജിനി പറഞ്ഞു. എന്നാല്‍ തിരികെ വന്നപ്പോള്‍ വീട് പൂട്ടിയിട്ടതാണ് കണ്ടത്. താന്‍ സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതെന്നും തനിക്ക് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണമെന്നും സരോജിനി പറഞ്ഞു. മണിക്കൂറുകളായി വീടിന് പുറത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു സരോജിനി. എട്ട് ദിവസമായി അയൽവാസിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
വിവരമറിഞ്ഞ് എം.എല്‍.എ. ഉമാ തോമസ് ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്തെത്തി. ആര്‍.ഡി.ഓയുടെ ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സംശയമെന്ന് എം.എല്‍.എ. പറഞ്ഞു. വയോധികയെ പ്രൊട്ടക്ഷന്‍ റൂമിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് പറഞ്ഞെങ്കിലും തന്റെ വീട്ടില്‍ നിന്ന് എങ്ങോട്ടും പോകില്ലെന്നും ഈ വീട് തുറന്ന് തന്നാല്‍ മതിയെന്നും സരോജിനി നിലപാടെടുത്തു.
പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെ വീടിന്റെ വാതില്‍ കമ്പിപ്പാരകൊണ്ട് സ്വയം തകര്‍ത്ത് സരോജിനി വീടിനകത്ത് കയറി. ഈ സമയം സരോജിനിയുടെ ഇളയ മകളും സ്ഥലത്തെത്തിയിരുന്നു. തനിക്കൊപ്പം വരാൻ അമ്മയോട് ഇളയമകൾ ആവശ്യപ്പെട്ടെങ്കിലും താനിനി ഈ വീട്ടിൽ നിന്ന് എങ്ങോട്ടും പോകില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സരോജിനിയമ്മ പറഞ്ഞു.
ലഹരിയ്‌ക്ക് അടിമയായ മകനിൽ നിന്നുമുള്ള ശാരീരിക ഉപദ്രവം സഹിക്കവയ്യാതെ പത്തനംതിട്ടയില്‍ അടുത്തിടെ മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനാണ് വയോധിക ശ്രമിച്ചത്. തിരുവല്ല കവിയൂർ കോട്ടൂർ സ്വദേശി കുഞ്ഞമ്മ പാപ്പനാണ് മകൻ രവിയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്.
മദ്യപിച്ചെത്തുന്ന മകൻ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് കുഞ്ഞമ്മ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് രവിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മകനെന്ന പരിഗണന നൽകി ഇവർ പരാതി നൽകാൻ കൂട്ടാക്കിയില്ല.
സമാനരീതിയിൽ മർദ്ദനവും അസഭ്യവർഷവും കഴിഞ്ഞ ദിവസവും തുടരുകയായിരുന്നു. വീട്ടിൽ നിന്നും പോകവെ താൻ തിരികെ എത്തുമ്പോൾ വീട്ടിൽ കാണരുതെന്ന് കുഞ്ഞമ്മയ്‌ക്ക് താക്കീത് നൽകി. ഇതിന് പിന്നാലെയാണ് ഇവർ വീടിന് സമീപമുള്ള പാറക്കുളത്തിൽ ചാടിയത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയവരാണ് കുഞ്ഞമ്മയെ കരയ്‌ക്കെത്തിച്ചത്.