KeralaNews

സ്വത്തിന് ഒപ്പിടാന്‍ മടിച്ച വൃദ്ധയ്ക്ക് മകളുടെ ക്രൂരമര്‍ദ്ദനം

പയ്യന്നൂര്‍: സ്വത്തിനു വേണ്ടി വയോധികയായ അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നിയമോപദേശം തേടി പോലീസ്. മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മ (80)യെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മക്കളായ രവീന്ദ്രന്‍, സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു.

പിന്നലെയാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. അമ്മയെ മര്‍ദിച്ച സംഭവം വിവരിച്ചു മകന്റെ ഭാര്യ സി.വി. ഷീജ നല്‍കിയ പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. ഈമാസം 14ന് ഉച്ചയ്ക്കു ശേഷം മൂന്നോടെയാണ് സംഭവം. 10 മക്കളുടെ അമ്മയായ മീനാക്ഷിയമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഇളയ മകന്‍ മോഹനന്റെ വീട്ടിലാണ് മീനാക്ഷിയമ്മ ഇപ്പോള്‍ താമസിക്കുന്നത്. മക്കളിലൊരുവളായ ഓമന അഞ്ചു വര്‍ഷം മുമ്പ് മരിച്ചതോടെ ഓമനയുടെ പേരിലുള്ള 25 സെന്റ് സ്ഥലം മീനാക്ഷിയമ്മയുടേതായി മാറിയിരുന്നു.

ഈ സ്വത്ത് നല്‍കാത്തതിന്റെ വിരോധത്തിലാണ് തന്റെ ഭര്‍ത്താവ് മോഹനന്‍ വീട്ടിലില്ലാതിരുന്ന സമയത്തു നാലുമക്കള്‍ ചേര്‍ന്നു വീട്ടില്‍ അതിക്രമിച്ചു കയറുകയും അമ്മയെ മര്‍ദിക്കുകയും ചെയ്തതായി പരാതിയിലുള്ളത്. അവര്‍ കൊണ്ടുവന്ന പേപ്പറുകളില്‍ ബലമായി ഒപ്പുവയ്പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ മീനാക്ഷിയമ്മ കാലില്‍ നീരുവച്ച നിലയിലും നെഞ്ചില്‍ രക്തം കട്ടകെട്ടിയ നിലയിലും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം, മകന്‍ മോഹനന്‍ വീട്ടിലില്ലാത്ത സമയത്തു സംഭവത്തിലെ പ്രതികളായ നാലു മക്കളെത്തി വയോധികയായ അമ്മയെ മര്‍ദിച്ചും നിര്‍ബന്ധിച്ചും ഒപ്പുവയ്പ്പിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ‘നീ ഒപ്പിട്, അടിച്ചു തകര്‍ക്കും’ എന്നൊക്കെ പറഞ്ഞ് ഒപ്പിടാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അതിനു വഴങ്ങാത്ത അമ്മയെ മര്‍ദിക്കുന്നതിന്റെയും മര്‍ദനമേറ്റ് അമ്മ കരയുന്നതിന്റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. വയോധികയുടെ കരച്ചില്‍ കേട്ടു പരിസരവാസികള്‍ ഓടിക്കൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. നിര്‍ബന്ധിച്ചു രേഖകളില്‍ ഒപ്പുവയ്പ്പിച്ചതായി ബോധ്യപ്പെട്ടതിനാല്‍ ആവശ്യമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നും രണ്ടു ദിവസത്തിനകം പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നും പെരിങ്ങോം എസ്ഐ വി.യദുകൃഷ്ണന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button