തൊടുപുഴ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകള്‍ തുറക്കും. ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താനാണ് തീരുമാനം. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കൂടുതല്‍ ലഭിക്കുന്നതും വരും ദിവസങ്ങളില്‍ മഴ ശക്തമാകാനുള്ള സാഹചര്യവും മുന്‍നിര്‍ത്തിയാണ് നടപടി.
പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും ഒരു ഷട്ടര്‍ അരമീറ്ററുമാണ് തുറന്നത്. മഴ കൂടുതല്‍ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തു താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം. താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും. കൃഷിയിടങ്ങളിൽ വെളളം കയറി.പാലോട്, വിതുര, മലയടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.
അരുവിക്കര ഡാമിന്റെ ഷട്ടർ 125 സെൻ്റീ മീറ്റർ ഇന്നലെ രാത്രി തുറന്നിരുന്നു. ആദ്യം 70 സെൻ്റീമീറ്റർ മാത്രമാണ് ഡാം ഷട്ടർ തുറന്നതെങ്കിലും രാത്രി 8 മണിയോടെ 125 സെൻ്റീമീറ്റർ മീറ്റർ തുറക്കുകയായിരുന്നു. ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഭൂതത്താൻകെട്ട് ബാരേജിൽ ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന് 5 ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി. പെരിയാറിൽ ഒഴുക്ക് കൂടുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.