കൊച്ചി: രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍. ഇതിനായി അവരുടെ ആളുകൾ എന്നെ സമീപിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു. അവർ കത്ത് വിഎസ് അച്ചുതാനന്ദനെ ഏൽപ്പിക്കണം എന്ന കാര്യം പറഞ്ഞു.
കത്ത് സംഘടിപ്പിക്കാൻ വിഎസും പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു. സോളാർ കേസിൽ സി ബി ഐ കാര്യമായി ഒന്നും ചെയ്തില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
2011 മുതൽ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ് കത്ത് ഏൽപ്പിച്ചതെവെന്നും ടി ജി നന്ദകുമാർ പറയുന്നു.
കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്‍റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. ശരണ്യ മനോജും അതിജീവിതയും തന്നെ കാണാന്‍ വന്നപ്പോള്‍ അമ്മയുടെ ചികിത്സയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് അതിജീവിതയ്ക്ക് താന്‍ പണം നല്‍കിയത്. അത് അല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും ഈ കത്തിന്‍റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.