റായ്ബറേലി: പ്രായപൂർത്തിയാകാത്ത ദളിത് ആൺകുട്ടിയെ ആക്രമിക്കുകയും ബലമായി കാൽനക്കിക്കുകയും ചെയ്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. പത്താം ക്ളാസുകാരനായ ബാലനെ ആക്രമിക്കുന്ന രണ്ടര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.
ഏപ്രിൽ പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാലൻ ശിക്ഷയുടെ ഭാഗമായെന്നോണം ചെവിയിൽ പിടിച്ചുകൊണ്ട് തറയിൽ ഇരിക്കുന്നതും പ്രതികൾ ബൈക്കുകളിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സവർണ ജാതിക്കാരെ അഭിസംബോധന ചെയ്യുന്ന പദമായ ‘ഠാക്കൂർ’ എന്ന് വിളിക്കാൻ ബാലനെ നിർബന്ധിക്കുന്നതും ഇനി ഈ തെറ്റ് ആവർത്തിക്കുമോയെന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് ശേഷമാണ് ബാലനെക്കൊണ്ട് കാൽ നക്കിപ്പിക്കുന്നത്. ഇവരിൽ ചിലർ സവർണ ജാതിയിലെ അംഗങ്ങളാണ്.
വിധവയായ മാതാവിനോടൊപ്പമാണ് ബാലൻ താമസിക്കുന്നത്. പ്രതികളിൽ ചിലരുടെ പാടങ്ങളിൽ കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്നതായും ഇതിന്റെ കൂലി നൽകാൻ ആവശ്യപ്പെട്ടത് പ്രതികളെ ചൊടിപ്പിക്കുകയായിരുന്നെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേത്തുടർന്നാണ് ബാലനെ ആക്രമിച്ചത്.
ആക്രമിക്കപ്പെട്ട കുട്ടിയുടെ പരാതിയെത്തുടർന്ന് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാർ, ഹൃതിക് സിംഗ്, അമൻ സിംഗ്, യശ് പ്രതാപ്, തുടങ്ങിയവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ പ്രായപൂർത്തിയാകാത്ത ബാലനെ ജുവൈനൽ ഹോമിലേക്ക് അയച്ചു.