
ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കൃത്യമായ ആസൂത്രണത്തിലൂടെയും അത് നന്നായി നടപ്പാക്കുന്നതിലൂടെയും മാത്രമേ ബെംഗളൂരുവില്‍ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ബി.ബി.എം.പി. ആസ്ഥാനത്ത് നടന്ന റോഡ് നിര്‍മ്മാണത്തെ കുറിച്ചുള്ള ശില്‍പ്പശാല ‘നമ്മ രാസ്ത-ഡിസൈന്‍ വര്‍ക്ക്‌ഷോപ്പ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ കഴിയില്ല. ദൈവത്തിന് പോലും അത് സാധ്യമല്ല. കൃത്യമായ ആസൂത്രണവും അത് നന്നായി നടപ്പാക്കുകയും ചെയ്താല്‍ മാത്രമേ മാറ്റം സാധ്യമാകൂ.’ -ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
റോഡുകള്‍, നടപ്പാതകള്‍, ഹരിത ഇടങ്ങള്‍ തുടങ്ങിയ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏകീകൃതവും ഗുണനിലവാരമുള്ളതുമാകണം. ബസ് സ്റ്റോപ്പുകള്‍ക്കും മെട്രോ തൂണുകള്‍ക്കും ട്രാഫിക് ജങ്ഷനുകള്‍ക്കുമെല്ലാം പൊതുവായ രൂപകല്‍പ്പനകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞു.
‘ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ല’ എന്ന ശിവകുമാറിന്റെ പരാമര്‍ശം വാര്‍ത്തയായതോടെ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷമായ ബി.ജെ.പിയും ഡി.കെയുടെ പരാമര്‍ശത്തെ സര്‍ക്കാരിനെതിരായ ആയുധമാക്കി. സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.